election-2019

കർണാടകത്തിൽ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും മറുകണ്ടം ചാടാനിരിക്കുന്നവരെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ വാഗ്വാദം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നാലുടൻ ഇരുപത് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി പക്ഷത്തേക്കു ചാടുമെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് ബി.എസ്. യദിയൂരപ്പയാണ് ആദ്യം വെടി പൊട്ടിച്ചത്. അതു കേട്ട് കോൺഗ്രസ് ചുമ്മാതിരിക്കുമോ? കോൺഗ്രസിനു വേണ്ടി കഴിഞ്ഞ ദിവസം തോക്കെടുത്തത് ഭക്ഷ്യ മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ്. പത്ത് ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പുഫലം വരുന്നയുടൻ ചാട്ടം യാഥാർത്ഥ്യമാകുമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.

സമീർ അഹമ്മദ് വെറുതെ പറയുന്നതല്ല. ആ ബി.ജെ.പി എം.എൽ.എമാരുടെ പട്ടിക പുറത്തു കാണിക്കാൻ റെഡി. പക്ഷേ, ബി.ജെ.പിയിൽ ചേരുമെന്നു പറയുന്ന കോൺഗ്രസ് എം.എൽ.എമാരുടെ ലിസ്റ്റ് ആദ്യം യദിയൂരപ്പ പരസ്യപ്പെടുത്തണം! ന്യായമായ ആവശ്യം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 104 സീറ്റ് കിട്ടിയിട്ടും മുഖ്യമന്ത്രിക്കസേര കൈവിട്ടുപോയതിന്റെ നിരാശയിലാണ് യദിയൂരപ്പയെന്നാണ് സമീർ അഹമ്മദിന്റെ ആക്ഷേപം. കോഗ്രസിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം. കാവിക്കുട ചൂടാൻ ഒരൊറ്റ കോൺഗ്രസ് എം.എൽ.എയെപ്പോലും കിട്ടില്ലെന്ന് കോൺഗ്രസിന്റെ രാഷ്‌ട്രീയ തന്ത്രജ്ഞൻ ഡി.കെ. ശിവകുമാറും പറയുന്നു.

പക്ഷേ, ഇതൊന്നും കേട്ട് യദിയൂരപ്പയ്‌ക്ക് കുലുക്കമില്ല. ഈ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിൽ കർ‌ണാടകത്തിലെ 28 സീറ്റിൽ 22 സീറ്റ് വരെ ബി.ജെ.പിക്കു ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ മനക്കണക്ക്. കുണ്ടഗോൽ, ചിഞ്ചോലി സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വിജയം ഷുവർ. ഇത് സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ തരംഗം സൃഷ്‌ടിക്കുമെന്നും കുമാരസ്വാമിയെ വീഴ്‌ത്തി, തനിക്കു മുഖ്യനാകാമെന്നും യദിയൂരപ്പ കണക്കുകൂട്ടുന്നു.

അതേസമയം, ബി.ജെ.പി എം.എൽ.എമാർ അപ്പുറം ചാടാൻ നോക്കിയിരിക്കുകയാണെന്ന കിംവദന്തികളെ യദിയൂരപ്പ പരിഹാസപൂർവം തള്ളിക്കളയുന്നു: "എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശ്രമിച്ചിട്ടും ഞങ്ങളുടെ എം.എൽ.എമാരിൽ ഒരാളെപ്പോലും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. കാരണം, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി തരംഗമാണെന്ന് അവർക്കറിയാം." യദിയൂരപ്പ പറയുന്നു.

കർണാടകത്തിൽ സ്വതന്ത്രരുടേത് ഉൾപ്പെടെ ആകെ 106 പേരുടെ പിൻബലമുണ്ട് ബി.ജെ.പിക്ക്. ഭരണമുന്നണിയായ കോൺഗ്രസിനും ജെ.ഡി.എസിനും കൂടി 116. അതായത് വെറും പത്ത് എം.എൽ.എമാരുടെ വ്യത്യാസം. യദിയൂരപ്പ സ്വപ്‌നം കാണുന്നതുപോലെ കോൺഗ്രസിൽ നിന്ന് പത്തു പേർ കൂറുമാറുകയും, നിയസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് കൂടി ബി.ജെ.പിക്ക് കിട്ടുകയും ചെയ്‌താൽ കുമാരസ്വാമി ഠിം. യദിയൂരപ്പയ്‌ക്ക് കർണാടക മുഖ്യനായി നാലാം തവണ പട്ടാഭിഷേകം നടത്താം. പക്ഷേ, സ്വപ്‌നം കാണുന്നത് ഭവിക്കണം!

കെ.പി.സി.സി അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും പറയുന്നത് ഇതെല്ലാം യദിയൂരപ്പ കാണുന്ന മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നാണ്. "ആദ്യം യദിയൂരപ്പ പറഞ്ഞു, ദീപാവലി കഴിഞ്ഞാലുടൻ സർക്കാർ നിലംപൊത്തുമെന്ന്. പിന്നെ പറഞ്ഞു, സംക്രാന്തി കഴിഞ്ഞാൽ കുമാരസ്വാമി പുറത്താകുമെന്ന്. ഇപ്പോൾ പറയുന്ന ഡെഡ്ലൈൻ ആണ് മേയ് 23. ഒന്നും സംഭവിക്കില്ല!"