തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയയായ താരമാണ് മാളവിക മോഹൻ. അഴഗപ്പൻ സംവിധാനം ചെയ്ത ദുൽഖർ ചിത്രം പട്ടം പോലെയിലൂടെ മലയാളത്തിലും മാളവിക അരങ്ങേറി. എന്നാൽ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരുചിത്രമാണ് മാളവികയെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. ഇൻസ്റ്റഗ്രാമി പോസ്റ്റ് ചെയ്ത മാളവികയുടെ ഗ്ലാമർ ചിത്രത്തിന് താഴെയായി വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനങ്ങളും അശ്ലീല കമന്റുകളും നിറഞ്ഞു.
എന്നാൽ ആ വിമർശനങ്ങൾക്ക് മാളവിക മറുപടി കൊടുത്ത രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അശ്ലീലച്ചുവയുള്ള കമന്റുകളും വിമർശനങ്ങളും ഒന്നും തന്നെ ബാധിക്കില്ലെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നും മാളവിക മോഹൻ പറയുന്നു.
‘മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാനിവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാൻ ധരിക്കും,”എന്ന അടിക്കുറിപ്പോടെ അതേ വസ്ത്രത്തിലുള്ള മറ്റൊരു ചിത്രം പോസ്റ്റു ചെയ്തുകൊണ്ടാണ് വിമർശകർക്ക് മാളവിക മറുപടി നൽകിയത്.
നടിമാരായ പാർവതിയും സ്രിന്ദയും അടക്കം നിരവധി പേരാണ് മാളവികയെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നത്.
പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. ആസിഫ് അലിയ്ക്ക് ഒപ്പം ‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ലും മാളവിക അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ ‘പേട്ട’യാണ് മാളവികയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സോഷ്യൽ മീഡിയയിലും സജീവമാണ്.
ർ