കുന്ദമംഗലം:പേര് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ്. ഗണിതശാസ്‌ത്ര ഗവേഷണത്തിന് മാത്രമുള്ള സംസ്ഥാനത്തെ ഏക സ്ഥാപനം. ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഇല്ല. മാത്തമാറ്റിക്സിൽ അഡ്വാൻസ്ഡ് ലേണിംഗ് ആണ് ലക്ഷ്യം. പക്ഷേ ശേഷി പൂർണമായി ഉപയോഗിക്കാതെ മുരടിപ്പിലാണ് ഈ സ്ഥാപനം. രണ്ട് പാർട്ട് ടൈം ഗവേഷകർ ഉൾപ്പെടെ അഞ്ച് ഗവേഷണ വിദ്യാർത്ഥികൾ മാത്രമാണുള്ളത്.
മിടുക്കരായ ഗണിത ശാസ്‌ത്ര വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഗവേഷണത്തിലേക്ക് നയിക്കാനുള്ള പി.എച്ച്.ഡി പ്രോഗ്രാമുകളും സാറ്റലൈറ്റ് കോൺഫറൻസുകളും ഉണ്ട്. ഗണിതശാസ്ത്രത്തിൽ അന്താരാഷ്ട്ര സമ്മേളനങ്ങളും വർക്ക്ഷാപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
അക്കാഡമിക് സൗകര്യങ്ങൾക്ക് നിലവാരമുണ്ട്. വിപുലമായ ലൈബ്രറി സൗകര്യം ഉണ്ട്. യൂറോപ്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെയും ഉൾപ്പെടെയുള്ള ഓൺലൈൻ ഡാറ്റാ ബേസ് ലഭ്യമാക്കിയിട്ടുണ്ട്. ഫാക്കൽറ്റിയിൽ ഒരു അസോസിയേറ്റ് പ്രൊഫസറും രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും ഒരു വിസിറ്റിംഗ് പ്രൊഫസറും മാത്രമാണുള്ളത്. ഫുൾടൈം ഡയറക്ടർ ഇല്ല. ഫാക്കൽറ്റി വിപുലപ്പെടുത്തിയാൽ കൂടുതൽ വിദ്യാർത്ഥികൾ വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഹോസ്റ്റലും മറ്റ് സൗകര്യങ്ങളും മെച്ചപ്പെടുത്തണം.
അഭിമാനമാകേണ്ട കാമ്പസ്
കോഴിക്കോട് സി. ഡബ്ളിയു. ആർ. ഡി. എമ്മിന് ( ജലവിഭവ വികസന കേന്ദ്രം )മുമ്പിലെ പത്ത് ഏക്കറിലാണ് പ്രകൃതി രമണീയമായ കാമ്പസ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ഡിപ്പാർട്ട്‌മെന്റ് ഒഫ് അറ്റോമിക് എനർജിയും സംയുക്തമായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.
മദ്ധ്യ കാലഘട്ടത്തിലെ ഗണിതശാസ്ത്രജ്ഞനും പ്രാചീന കേരളത്തിലെ പ്രമുഖ ജോതിശാസ്ത്രജ്ഞനുമായിരുന്ന സംഗമഗ്രാമ മാധവന്റെ (1340-1425) സ്‌മരണാർത്ഥമാണ് സ്ഥാപനം തുടങ്ങിയത്.2004ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ശിലാസ്ഥാപനം നിർവ്വഹിച്ച സ്ഥാപനം 2008 ൽ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്. 2009ലാണ് ഫാക്കൽറ്റി തുടങ്ങിയത്. അധികാരികൾ ശ്രദ്ധിച്ചാൽ ഇത് കേരളത്തിന്റെ അഭിമാനമാവും.
ഒരു എം.എസ്.സി കോഴ്സ് ആരംഭിക്കാനുള്ള ആലോചനയുണ്ട്
-ഡയറക്ടർ ഇൻചാർജ് ഡോ. എ.ബി അനിത