img302905

മുക്കം : വിദ്യാർത്ഥികൾക്കായി അദ്ധ്യാപകർ പരീക്ഷ എഴുതിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

പരീക്ഷ എഴുതിയ നിഷാദ് വി. മുഹമ്മദ്, ഡെപ്യൂട്ടി ചീഫായിരുന്ന പി.കെ. ഫൈസൽ, പ്രിൻസിപ്പൽ കെ. റസിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഗോകുലകൃഷ്ണ മുക്കം പൊലീസ് സ്റ്റേഷനിൽ ഇന്നലെ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് ഡയറക്ടറും ഇന്ന് സ്കൂളിലെത്തി വിദ്യാർത്ഥികളിൽ നിന്ന് തെളിവെടുക്കും.

സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണമാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും രംഗത്തുണ്ട്. കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റി സ്‌കൂളിനു മുന്നിൽ ധർണയും നടത്തി. ധർണ കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

വിജിലൻസ് അന്വേഷണാവശ്യമുന്നയിച്ച് ബി.ജെ.പി മുക്കം നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് എ.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു.