ചെന്നൈ: മൂന്നാംമുന്നണി രൂപീകരണം ലക്ഷ്യമിട്ട് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ലക്ഷ്യം കണ്ടില്ല. കൂടിക്കാഴ്ചയിൽ മൂന്നാംമുന്നണി സംവിധാനത്തോട് താത്പര്യമില്ലെന്ന നിലപാട് സ്റ്റാലിൻ ആവർത്തിച്ചതായാണ് റിപ്പോർട്ട്. ചർച്ചയ്ക്ക് ശേഷം ചന്ദ്രശേഖര റാവു മാദ്ധ്യമങ്ങളെ കാണാതെ മടങ്ങുകയും ചെയ്തിരുന്നു.
കോൺഗ്രസ് – ബി.ജെ.പി ഇതര ഫെഡറൽ മുന്നണിക്കായി ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രാദേശിക പാർട്ടികൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചാണ് ചർച്ചയായതെന്നാണ് വിവരം. ഇക്കുറി കാബിനറ്റ് പദവികൊണ്ടുമാത്രം തൃപ്തിപ്പെടില്ലെന്ന സൂചന നൽകിയ കെ.സി.ആർ ഉപപ്രധാനമന്ത്രി പദമാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം ലഭിക്കുന്ന സൂചനകളെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത സർക്കാരിൽ കിംഗ് മേക്കറാകാനാണ് കെ.സി.ആർ ലക്ഷ്യമിടുന്നത്. അതിനായി ഉപപ്രധാനമന്ത്രി പദമാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക പാർട്ടികൾ ഒരുമിച്ച് സർക്കാരിൽ ഒരു വലിയ പങ്ക് ആവശ്യപ്പെടണം. കാബിനറ്റ് പദവികൾ കൊണ്ട് പ്രാദേശിക പാർട്ടികൾ തൃപ്തിപ്പെടരുത്. നയരൂപീകരണങ്ങളിലും ഗവർണർമാരുടെ നിയമനത്തിൽ പോലും പങ്കുവഹിക്കാൻ കഴിയുന്ന തരത്തിൽ പ്രാദേശിക കക്ഷികൾ വിലപേശൽ നടത്തണം എന്നീ കാര്യങ്ങളാണ് ചന്ദ്രശേഖര റാവു കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചതെന്നാണു റിപ്പോർട്ട്.
എന്നാൽ കോൺഗ്രസിനെ മാറ്റിനിറുത്തിയുള്ള ചർച്ചയ്ത്ത് നിലവിൽ താത്പര്യമില്ലെന്ന് ഡി.എം,കെ നേതൃത്വം അറിയിച്ചു. ആദ്യം കോൺഗ്രസിനെ പിന്തുണയ്ക്കൂ എന്ന ആവശ്യമാണ് സ്റ്റാലിൻ മുന്നോട്ടുവച്ചത്. ടി.ആർ.എസ് വൃത്തങ്ങൾ ഈ ആവശ്യം പൂർണമായും തള്ളിക്കളഞ്ഞിട്ടുമില്ല.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നു പിന്തുണ ഉറപ്പാക്കിയാൽ വിലപേശൽ കരുത്ത് വർദ്ധിപ്പിക്കാമെന്നും മമത ബാനർജി, മായാവതി എന്നിവരെ ദുർബലപ്പെടുത്താമെന്നും കെ.സി.ആർ കരുതുന്നു. തമിഴ്നാട്ടിൽ 39 ലോക്സഭാ സീറ്റുകളും ബംഗാളിൽ 42 എണ്ണവുമാണുള്ളത്. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ആർ.എസ് തെലുങ്കാന തൂത്തുവാരിയിരുന്നു.
ആന്ധ്രയിൽ നിന്ന് വൈ.എസ്.ആർ കോൺഗ്രസിന്റെ പിന്തുണയും ചന്ദ്രശേഖര റാവു തേടിയിട്ടുണ്ട്. ദക്ഷിണേന്ത്യ ഒരുമിച്ചുനിന്നാൽ അടുത്ത സർക്കാരിൽ പ്രാദേശിക പാർട്ടികളുടെ കരുത്ത് ഇരട്ടിയാകുമെന്ന് കെ.സി.ആർ ചൂണ്ടിക്കാട്ടുന്നു. ഡി.എം.കെയുടെ മുതിർന്ന നേതാക്കളായ ദുരൈമുരുകൻ, ടി.ആർ.ബാലു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.