rima-and-hareesh-

കൊച്ചി: തൃശൂർ പൂരം ആണുങ്ങളുടെ മാത്രമാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമർശത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റിമ പറഞ്ഞതിനോട് താൻ പൂർണ്ണമായും യോജിക്കുന്നില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. എന്നാൽ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും റിമയ്ക്കുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

അതിനിടെ റിമയുടെ പരാമർശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ തെറിവിളിക്കുന്നവരെയും ഹരീഷ് പേരടി രൂക്ഷമായി വിമർശിച്ചു. റിമയുടെ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം. വേണമെങ്കിൽ കളിയാക്കാം (ട്രോളാം), പക്ഷെ ഇങ്ങനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് ... സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ,പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു.ഒരു ഇടതുപക്ഷ സർക്കാരിന് അതിൽ ക്യത്യമായ ഉത്തരവാദിത്തമുണ്ട്. ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്- ഹരീഷ് പേരടി പറഞ്ഞു.

തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പരാമർശം. ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യമെന്നും റിമ ചോദിച്ചിരുന്നു. 'ഞാനെപ്പോഴും പറയാറുണ്ട്, തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ''റിമ ചോദിക്കുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.