thejaswi-yadav-

പട്ന: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സേയാണെന്ന ചലച്ചിത്രതാരവും മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമൽഹാസന്റെ പരാമർശം വിവാദമായിരുന്നു. എന്നാൽ കമലഹാസന് പിന്തുണയുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തിയെ തീവ്രവാദി എന്നല്ലാതെ എന്തുവിളിക്കുമെന്നും തീവ്രവാദി എന്നതിനേക്കാൾ വലിയ വിശേഷണമാണ് അയാൾക്ക് ചേരുകയെന്നും ‍തേജസ്വി യാദവ് പറഞ്ഞു.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമലഹാസന്റെ പരാമർശത്തിൽ തെറ്റില്ലെന്നും തേജസ്വി കൂട്ടിച്ചേർത്തു. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സേയെന്നാണെന്നുമായിരുന്നു കമലഹാസൻ പറഞ്ഞത്. പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും വിവേക് ഒബ്റോയിയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.