ഐ.പി.എലിന്റെ അവസാന സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മത്സരത്തിൽ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ചുവന്ന വസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയുടെ ദൃശ്യം സോഷ്യൽ മീഡിയയൽ വൈറലായിരുന്നു. മത്സരശേഷം ഏറ്റവും കൂടുതൽപേരർ തിരഞ്ഞതും മനോഹരമായ നൃത്തം ചെയ്യുന്ന ആ പെൺകുട്ടി ആരെന്ന് അറിയാനായിരുന്നു.മുംബയ് സ്വദേശിയായ ദീപിക ഗോസെയായിരുന്നു ആ യുവതി.
ആരും കൊതിക്കുന്ന പ്രശസ്തിയാണ് ഒരു രാത്രി കൊണ്ട് ദീപികയെ തേടിയെത്തിയത്. എന്നാൽ അപ്രതീക്ഷിത പ്രശസ്തി തലവേദനയായി കഥ പങ്കുവയ്ക്കുകയാണ് ദീപിക. ആ സംഭവത്തിന് ശേഷം തന്റെ വ്യക്ത്വിത്വം പോലും നഷ്ടമായിരിക്കുകയാണെന്നും ആളുകൾ തന്നോട് മോശമായി പെരുമാറുകയാണെന്നും ദീപിക പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദീപികയുടെ വെളിപ്പെടുത്തൽ.
”എന്റെ പേര് ദീപിക ഗോസെ എന്നാണ്. ഒരുപക്ഷെ എന്നെ കുറിച്ച് പറയപ്പെടുന്ന കാര്യങ്ങളിൽ ഒരേയൊരു വസ്തുതയാണിത്. എന്നെ ആരും തിരിച്ചറിയേണ്ട. എത്ര തവണ ടിവിയിൽ വന്നെന്ന് ഞാൻ അറിയാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു താരമല്ല. കളി കാണാൻ വന്ന സാധാരണ പെൺകുട്ടിയാണ്. ടിവിയിൽ എന്റെ ചിത്രം വരണമെന്ന് ഞാൻ ആഗ്രഹിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല” ദീപിക പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ ദീപിക, പക്ഷെ താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചും പറയുന്നുണ്ട്. തന്നെ മാനസികമായി വേദനിപ്പിച്ചെന്നും അസഭ്യ വാക്കുകള്‍ ചൊരിഞ്ഞെന്നും തന്റെ പേരും പ്രൊഫൈലുമെങ്ങനെയാണ് ആളുകള്‍ കണ്ടെത്തിയതെന്ന് അറിയില്ലെന്നും ദീപിക പറയുന്നു.
”എന്റെ വ്യക്തിത്വവും സ്വകാര്യതയും ആക്രമിക്കപ്പെട്ടു. ഒരു രാത്രി കൊണ്ട് നിരവധി പുരുഷന്മാരാണ് എനിക്ക് അശ്ലീല സന്ദേശങ്ങളയച്ചത്. അപമാനകരമായിരുന്നു അത്. പക്ഷെ അതിലും ഞെട്ടിച്ചത് ചില സ്ത്രീകളുടെ പ്രതികരണമാണ്. എന്നെ അറിയുക പോലുമില്ലാത്തവർ ക്രൂരമായ കാര്യങ്ങളാണ് എന്നെ കുറിച്ച് പറഞ്ഞത്. ഞാൻ നിങ്ങളിൽ ഒരാളാണ്” ദീപിക പറയുന്നു.
സ്ത്രീകൾ സ്ത്രീകളെ പിന്തുണക്കേണ്ടത് അനിവാര്യതയാണെന്നും ദീപിക പറഞ്ഞു.