വെള്ളയമ്പലത്തെ വാട്ടർ അതോറിട്ടിയുടെ ഫില്ലിംഗ് സ്റ്റേഷനിൽ നിന്ന് നഗരത്തിൽ വിതരണം ചെയ്യാൻ ടാങ്കർ ലോറികളിൽ വെള്ളം നിറയ്ക്കുന്നു
തിരുവനന്തപുരം: കടുത്ത വേനലിൽ നഗരത്തിൽ പലയിടത്തും കുടിവെള്ളം വിതരണം മുടങ്ങുന്നതായി പരാതി.
ഉയർന്ന പ്രദേശങ്ങളായ നന്തൻകോട് കനകനഗർ, നന്തൻനഗർ, ദേവസ്വം ബോർഡ് റസിഡന്റ്സ് അസോസിയേഷൻ, ക്ളിഫ് ഹൗസ് നോർത്ത്, ജവഹർ നഗർ, ചാരാച്ചിറ, കുറവൻകോണം, നാലാഞ്ചിറ, പാളയം, ലെനിൻ നഗർ, ഒബ്സർവേറ്ററി വാലി റസിഡന്റ്സ്, ഫോറസ്റ്റ് ഓഫീസ് ലെയിൻ എന്നിവിടങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമാണ്. പകൽ സമയത്ത് ഈ ഭാഗങ്ങളിൽ വെള്ളം കിട്ടാറേയില്ല. പുലർച്ചെയാകട്ടെ മണിക്കൂറുകൾ കാത്തിരിക്കണം. ചെറു പാത്രങ്ങളിലും കുപ്പികളിലും വരെ വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. വെള്ളംകിട്ടാതെ പൊറുതിമുട്ടുമ്പോഴും വാട്ടർ അതോറിട്ടി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ്ഹൗസ് സ്ഥിതി ചെയ്യുന്ന മേഖലയായിട്ടും അധികൃതർ പരിഹാരം കാണാൻ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, ക്ളിഫ് ഹൗസിലേക്ക് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന വഞ്ചിയൂരിലെ ചിറക്കുളം റോഡ്, ചിറക്കുളം കോളനി എന്നിവിടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ജനറൽ ആശുപത്രിയിലും വെള്ളം ലഭിക്കാതെ രോഗികൾ കഷ്ടപ്പെടുന്നുണ്ട്. അതേസമയം ജനറൽ ആശുപത്രിയിലെ പമ്പിന് ശേഷി കുറവായതും വെള്ളം ശേഖരിക്കാൻ മതിയായ സംവിധാനമില്ലാത്തതുമാണ് ജലക്ഷാമത്തിന് കാരണമെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് പി.ഡബ്ളിയു.ഡിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.ഡബ്ളിയു.ഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.
വാട്ടർ അതോറിട്ടി പറയുന്നത്
നന്തൻകോട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജലഉപഭോഗം പൊതുവേ കൂടുതലാണ്. പി.ടി.പി നഗറിലെ ലൈനിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തിക്കുന്നത്. ടാങ്കിൽ വേണ്ടത്ര വെള്ളം ഇല്ലാതെ വരുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ ലൈനുകളിൽ വെള്ളം കുറയും. ഇതാണ് ജലവിതരണം മുടങ്ങാൻ കാരണം. 75 എം.എൽ.ഡി ഉത്പാദന ശേഷിയുള്ള പുതിയ പ്ളാന്റിന്റെ നിർമ്മാണം അരുവിക്കരയിൽ നടന്നുവരികയാണ്. അടുത്ത വർഷം മാർച്ചോടെ പ്ളാന്റ് പ്രവർത്തനക്ഷമമാകും. ഇത് വരുന്നതോടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും
ആകെ രണ്ടരലക്ഷം കണക്ഷനുകൾ
തിരുവനന്തപുരം നഗരത്തിലെ 70 ശതമാനം ജനങ്ങളും കുടിവെള്ളത്തിനായി വാട്ടർ അതോറിട്ടിയെയാണ് ആശ്രയിക്കുന്നത്. നഗരത്തിൽ ആകെ രണ്ടര ലക്ഷം വാട്ടർ കണക്ഷനുകളാണുള്ളത്. പ്രതിദിനം 300 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിന്റെ ആവശ്യത്തിനായി വേണം. അരുവിക്കരയിൽ മൂന്ന് പ്ളാന്റുകളിലായാണ് വെള്ളം ഉത്പാദിപ്പിക്കുന്നത്.
പേപ്പാറയിൽ ജലനിരപ്പ് വീണ്ടും താഴ്ന്നു
നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന സ്രോതസായ പേപ്പാറ ഡാമിലെ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 99.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇത്രയും ജലം കൊണ്ട് ജൂൺ വരെ പോകാനാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും വേനൽമഴ വൈകിയാൽ പ്രതിസന്ധി രൂക്ഷമാകും. ഇക്കഴിഞ്ഞ വേനൽമഴയിൽ അഞ്ച് സെന്റിമീറ്റർ വെള്ളം മാത്രമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. മഴ ലഭിച്ചെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിക്കാതിരുന്നതാണ് ഒഴുകിയെത്തിയ വെള്ളത്തിൽ കുറവുണ്ടായതിന് കാരണം.
ഭാവിയിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാനായി പേപ്പാറ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 110.5 മീറ്ററിൽ ജലം സംഭരിക്കുന്നതിനാവശ്യമായ നടപടികളും വാട്ടർ അതോറിട്ടി സ്വീകരിച്ച് വരികയാണ്
ടാങ്കറിൽ വെള്ളം എത്തിക്കും
ആവശ്യം അനുസരിച്ച് വാട്ടർ അതോറിട്ടി ടാങ്കറുകളിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. 10000, 15,000 ലിറ്റർ കൊള്ളുന്ന ടാങ്കർ ലോറികളാണ് ഉപയോഗിക്കുന്നത്. ആശുപത്രികൾക്കാണ് മുൻഗണന. 1000 ലിറ്ററിന് 60 രൂപ നിരക്കിൽ ഫ്ളാറ്റുകളിലേക്കും വലിയ ഹോട്ടലുകളിലേക്കും വെള്ളം നൽകുന്നുണ്ട്.