നാളെ മുതൽ നഗരത്തിൽ ഓടിത്തുടങ്ങുന്ന ചക്കവണ്ടി
തിരുവനന്തപുരം: പ്രമേഹം, പൊണ്ണത്തടി ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾക്കുള്ള ആരോഗ്യ ഭക്ഷണവും ഔഷധവുമായ ചക്കപ്പുഴുക്കും കറിയും, ചക്ക സൂപ്പുമായി ചക്കവണ്ടി നാളെ നഗരത്തിൽ ഓടിത്തുടങ്ങും. ചക്ക ഉത്പന്നങ്ങൾ വാങ്ങിക്കാൻ ഒരു സ്ഥിരം സംവിധാനം എന്ന നിലയ്ക്കാണ് ചക്കവണ്ടി ഒരുക്കുന്നത്. നബാർഡ് സഹായത്തോടെ സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം രൂപീകരിച്ച പ്ലാവ് കർഷകരുടെ സംരംഭമായ പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ സംരംഭമാണ് ചക്കവണ്ടി.
200ൽപരം ചക്കവിഭവങ്ങളും ചക്കസദ്യയും ഒരുക്കി കേരളത്തിൽ ചക്കയുടെ പുതിയ ചരിത്രം കുറിച്ച് ശ്രദ്ധേയനായ ഇടിച്ചക്കപ്ലാമൂട് എച്ച്.എം. റഫീക്കും ശാന്തിഗ്രാമിൽ നിന്നു വിദഗ്ദ്ധ പരിശീലനം ലഭിച്ച വീട്ടമ്മമാരും ചേർന്നാണ് ചക്കവണ്ടിയിലേക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. ആരോഗ്യദായകവും ജനങ്ങൾക്ക് നേരിട്ട് കഴിക്കാവുന്നതുമായ ചക്കവിഭവങ്ങൾ 365 ദിവസവും ലഭ്യമാക്കുന്ന കേരളത്തിലെ പ്രഥമ കർഷക സംരംഭമാണിത്.
ചക്ക ഉത്പന്നങ്ങൾ നിരവധി
ചക്കപ്പുഴുക്കിനോടൊപ്പം കഞ്ഞിയും സസ്യാഹാരികൾക്ക് ഇഞ്ചിച്ചമ്മന്തിയും മറ്റുള്ളവർക്ക് മീൻകറിയും ലഭിക്കും. ഇടിച്ചക്കപ്ലാമൂട് റഫീക്കിന്റെ ചക്കസദ്യയിലെ പ്രധാന ഇനമായ ചക്കസൂപ്പും ചക്കവണ്ടിയിൽ ഉണ്ട്. ആവിയിൽ പുഴുങ്ങിയ ചക്ക കുമ്പിളപ്പം, ഇലയട, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾക്കൊപ്പം ചക്കക്കുരു ചുക്ക്കാപ്പിയും ഉണ്ടാകും.
ജില്ലയിലെ വനിതാസംരംഭകരുടെ ഗുണമേന്മയുള്ള ചക്ക ഉത്പന്നങ്ങളായ ചക്കകേക്ക്, ചക്കഹൽവ, ചക്കവരട്ടി, വിവിധതരം ചിപ്സുകൾ, ചക്കക്കുരു ഉത്പന്നങ്ങൾ, ചക്ക പാനീയങ്ങൾ, ചക്ക എെസ്ക്രീം തുടങ്ങിയവയുടെ വിപണനത്തിനുള്ള സംവിധാനവും പനസ കമ്പനി ഏറ്റെടുത്തിട്ടുണ്ട്.
ചക്ക ഉത്പന്നങ്ങൾക്കു പുറമേ ഒന്നരവർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലിഗോൾഡ്, അരക്കില്ലാചക്ക, സിന്ദൂരവരിക്ക, ആൾസീസൻ പ്ലാവ്, പ്രശാന്തി, സിംഗപ്പൂർവരിക്ക തുടങ്ങിയ മേൽത്തരം പ്ലാവിൻ തൈകളും ചക്കവണ്ടിയിൽ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളിൽ
രാവിലെ പ്രസ് ക്ളബിൽ മന്ത്രി വി.എസ്. സുനിൽകുമാർ ചക്കവണ്ടിയുടെ യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. നാളെ വൈകിട്ട് വരെ പ്രസ് ക്ലബിന് മുൻപിൽ ആയിരിക്കും വണ്ടി. ഇവിടെ നിന്ന് ആളുകൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റാച്യു, പാളയം, കിഴക്കേകോട്ട, തമ്പാനൂർ, മ്യൂസിയം തുടങ്ങി നഗരത്തിലെ പ്രധാന കേന്ദങ്ങളിൽ വണ്ടിയെത്തും.
എല്ലാ ദിവസവും രാവിലെ 10ന് നഗരത്തിൽ എത്തുന്ന ചക്കവണ്ടി വൈകിട്ട് 7 മണി വരെ ഉണ്ടാകും. ഓഫീസുകളിലും മറ്റും ഹോം ഡെലിവറി സൗകര്യവും ഒരുക്കുന്നുണ്ട്.