തിരുവനന്തപുരം: 'ഈ ഷോട്ട് ഒന്നു നോക്കൂ ഡയറക്ടർ, കുറച്ചു കൂടെ ലൈറ്റ് വേണ്ടേ?' പെൺകുട്ടിയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത ശേഷം കാമറാമാൻ ചോദിച്ചു. സംവിധായിക അഞ്ജനാ ഗൗരി സോണി എ സെവൻ കാമറയുടെ സ്ക്രീനിലൂടെ സീൻ കണ്ടു. 'ആ ഇതു കൊള്ളാല്ലേ ലൈറ്റ് ആൻഡ് ഷേഡാണ് നല്ലത്. ഇതു മതി.' ശേഷം അടുത്ത സീനിലേക്ക്
''കുറച്ചു വൈഡായി തുടങ്ങി ക്ലോസപ്പിൽ അവസാനിക്കുന്ന സീനായിരിക്കണം അടുത്തത്. അനശ്വര അശോക് കാറിനു മുന്നിൽ കിടക്കൂ. കുറച്ചു ബ്ലഡ് കൊണ്ടു വരൂ.'' ചുവപ്പ് ലായനി എത്തി. ''അഥീന കണ്ണു തുറക്കരുത്. കാമറ റെഡിയല്ലേ? റോളിംഗ്.... ആക്ഷൻ...'' കാമറാമാൻ ഗൗതം മുട്ടുകുത്തിയിരുന്ന് ചിത്രീകരിച്ചു തുടങ്ങി. 'ചുണ്ടനക്കരുതേ...' മറ്റൊരു സംവിധായിക പ്രിയയുടെ കമാൻഡ്. രംഗം ചിത്രീകരണത്തിനൊടുവിൽ അഞ്ജനയുടെ ഒച്ച പൊങ്ങി കട്ട് ഇറ്റ്!
ഈ കട്ട് പറഞ്ഞ സംവിധായിക അഞ്ജനയും പ്രിയയും ഒൻപതാം ക്ളാസിലേക്ക് പ്രവേശനം ലഭിച്ച സരസ്വതി വിദ്യാലയത്തിലെ കുട്ടികളാണ്. ഗൗതം സർവോദയ വിദ്യാലയത്തിലെ കുട്ടിയും. കാറിനു മുന്നിൽ ചോരയൊലിപ്പിച്ചെന്ന പോലെ കിടന്നത് സരസ്വതി വിദ്യാലയത്തിലെ പത്താം ക്ളാസുകാരി അനശ്വര അശോകും. കുട്ടികളെല്ലാവരും കൂടി സിനിമ പിടിക്കാനിറങ്ങിയതാണ്.
അന്താരാഷ്ട്ര ബാലചലച്ചിത്രമേളയിലെ ഡെലിഗേറ്റുകളാണ് എല്ലാവരും. ഇത്തവണ മേളയുടെ ഭാഗമായി മൂന്നു കൂട്ടി സിനിമകൾ കൂടി സംസ്ഥാന ശിശുക്ഷേമ സമിതി നിർമ്മിക്കുന്നുണ്ട്. അതിൽ ഒരു സിനിമയുടെ അണിയറയിലും അരങ്ങത്തുമുള്ളവരാണിവർ. സിനിമയുടെ പേര് മഹത്വം. ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തെ കുറിച്ച് പോസിറ്റീവായിട്ടുള്ള സമീപനമാണ് സിനിമ പറയുന്നതെന്ന് അഞ്ജന. കഥയൊക്കെ സസ്പെൻസെന്ന് അനശ്വര. അഞ്ജനയും പ്രിയയും അനശ്വരയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊക്കെ എഴുതി സംവിധാനം ചെയ്യുന്നത്.
കിളിക്കൂട്ടം എന്ന പേരിൽ മൂന്നു സിനിമകളാണ് ഒരുക്കുന്നത്. എല്ലാം കുട്ടി ഡെലിഗേറ്റുകൾ ഒരുക്കുന്നത്. ഒറ്റയ്ക്കാകുന്ന ബാല്യങ്ങളെ കുറിച്ച് ഒറ്റയല്ല നീ, പെൺകുട്ടിയിൽ നിന്നും ആണിലേക്ക് മാറുന്ന കുട്ടിയുടെ കഥ പറയുന്ന ഒരിടത്തൊരു ആൺകുട്ടി എന്നിവയാണ് മറ്റ് സിനിമകൾ. കോട്ടൺഹിൽ ഗവ ഹൈസ്കൂളിലെ ആഭ, ശിവാനി, സെന്റ് തോമസ് സ്കൂളിലെ ആർച്ച, അരവിന്ദ് എന്നിവരാണ് മറ്റ് സംവിധായകർ. ഡെലിഗേറ്റുകളായി എത്തിയ കുട്ടികളിൽ ഓഡിഷൻ വഴിയാണ് സിനിമാ പ്രവർത്തകരെ തിരഞ്ഞെടുത്തത്. വളരെ ഉത്സാഹത്തോടെ കുട്ടികൾ സിനിമ നിർമ്മിക്കുന്നത്. മേളയുടെ അവസാന ദിനം ഈ സിനിമകൾ പ്രദർശിപ്പിക്കും.
''സിനിമയിൽ ഏറ്റവും പ്രയാസമുള്ള പണി സംവിധാനമാണെന്ന് ഇപ്പോഴാണ് മനസിലായത്. നമ്മളൊക്കെ ത്രില്ലിലാണ്''- അരവിന്ദ്, സെന്റ് തോമസ് സ്കൂൾ
''സിനിമ കാണുമ്പോൾ ഒരിക്കലും ആലോചിച്ചിരുന്നില്ല, ഇതിനു പിന്നിൽ ഇത്രയൊക്കെ വർക്ക് ഉണ്ടെന്ന്. കഷ്ടപ്പാട് മുഴുവൻ ഡയറക്ടർക്ക് തന്നെയാണ്''- ആഭ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, കോട്ടൺഹിൽ