തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ തലേദിവസം സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു ചേതൻ, മുറ്റത്തെ ആൾക്കൂട്ടം കണ്ട് ഒന്ന് അമ്പരന്നു, ഗപ്പിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് തനിക്ക് കിട്ടിയതറിഞ്ഞ് ചാനലുകാരും പത്രക്കാരും അന്വേഷിച്ച് വന്നതാണത്രേ. ബാച്ചിലർ പാർട്ടിയിൽ ആസിഫ് അലിയുടെ ബാല്യകാലം അവതരിപ്പിച്ച് സിനിമയിലെത്തിയ ചേതൻ ജയലാൽ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മീറ്റ് ദ ആർട്ടിസ്റ്റ് പരിപാടിയിൽ കൂട്ടുകാരോട് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ പ്ലസ്ടു കഴിഞ്ഞു. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് അറിയില്ലെന്ന് ചേതൻ പറയുന്നു. നിലവിൽ സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹം- ചേതൻ കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ബാല ചലച്ചിത്രമേള കുട്ടികളുടെ വളർച്ചയെ രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കും. സിനിമയിൽ നല്ലതും ചീത്തയും കാണും. നല്ലത് മാത്രമേ നമ്മൾ കുട്ടികൾ സ്വീകരിക്കാവൂ. പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല ചേതൻ പറഞ്ഞ് നിറുത്തിയപ്പോൾ എന്നാൽ ചേട്ടൻ ഒന്ന് ഡാൻസ് കളിക്കാമോന്ന് ഓഡിയൻസിന്റെ ഇടയിൽ നിന്ന് ചോദ്യം ഉയർന്നപ്പോൾ തന്റെ മുടിയിൽ തലോടിക്കൊണ്ട് ചാടി എണീറ്റു. അടിപൊളിയായി ചുവട് വച്ചു, സദസിനെ ഇളക്കിമറിച്ചു.