തിരുവനന്തപുരം: കുട്ടിമേള കിടുക്കൻമേളയായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ ഗൗരവത്തോടെ കാണുന്ന കുട്ടികൾ. വെറും സിനിമ കാണൽ മാത്രമല്ലാതെ പാട്ടും ആട്ടവുമായി രസിക്കുന്നവർ. മുൻകൂട്ടി നിശ്ചയിക്കേണ്ട കാര്യമില്ല. കലാമികവ് പ്രകടിപ്പിക്കാൻ തയ്യാറുള്ള ഡെലിഗേറ്റിനെല്ലാം അവസരം മേളയിൽ തുറന്നിട്ടിരിക്കുകയാണ്.
മലയാളം സിനിമകളാണ് ഇന്നലെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മഞ്ചാടിക്കുരു, ഗപ്പി, 101 ചോദ്യങ്ങൾ, കുമ്മാട്ടി, അങ്ങ് ദൂരെ ഒരു ദേശത്ത് തുടങ്ങിയ ചിത്രങ്ങൾ നിറഞ്ഞ സദസിലായിരുന്നു പ്രദർശിപ്പിച്ചത്. ഗപ്പിയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചേതൻ ജയലാൽ ഇന്നലെ മേളയിലെത്തി. കുട്ടികൾക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്തു. കുട്ടി ഡെലിഗേറ്റുകൾ കാത്തിരുന്ന ടൊവീനോ തോമസ് എത്തിയത് ഇന്നലെ വൈകിട്ടായിരുന്നു. ഉദ്ഘാടന ചിത്രമായ ഉയരെ, മേളയിൽ ഇന്നലെ പ്രദർശിപ്പിച്ച ഗപ്പി എന്നിവയിലൊക്കെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലെത്തിയ ടൊവീനോയെ ടാഗോർ തിയേറ്ററിൽ വച്ച് ആരവത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്.
പ്രധാനവേദിയായ കൈരളി തിയേറ്റർ കുട്ടികളുടെ കലാപരിപാടിയുടെ കൂടെ വേദിയാണ്. കാസർകോട് നിന്നുമെത്തിയ കൂട്ടുകാരാണ് ഇടവേളകളെ ആനന്ദമാക്കാൻ ചുവട് വച്ചത്. പിന്നാലെ മറ്റ് ജില്ലകളിൽ നിന്നുള്ള കൂട്ടുകാരും ഉഷാറായി. മലപ്പുറത്ത് നിന്നെത്തിയവർ നാടൻ പാട്ട് പാടി. തൃശൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമെത്തിയ രണ്ടു പേർ മിമിക്രി അവതരിപ്പിച്ചു. മൂന്നാം ക്ളാസിൽ പഠിക്കുന്ന തന്മയയും അമൃതയും ഫാസ്റ്റ് നമ്പർ പാട്ടുകൾക്കൊപ്പം ചുവടു വച്ചപ്പോൾ മറ്റ് മുതിർന്ന കുട്ടികൾ ഒപ്പം ആടി.
ഒരുമിച്ചിരുന്ന് സിനിമകണ്ടും പാട്ടുപാടിയും ഡാൻസ് കളിച്ചും ഭക്ഷണം കഴിച്ചും സൗഹൃദത്തിന്റെ പുതിയലോകം സൃഷ്ടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാ കുട്ടി ഡെലിഗേറ്റുകളും.നല്ല സിനിമകൾ കാണുന്നതിനൊപ്പം വെള്ളിത്തിരയിൽ കണ്ടിട്ടുള്ള ഇഷ്ടതാരങ്ങളുമായി സംസാരിക്കാനും സംശയങ്ങൾ ചോദിക്കാനും കഴിഞ്ഞത് കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. സിനിമയുടെ സാങ്കേതിക വശങ്ങളും അഭിനയത്തിന്റെ രീതികളും സിനിമകൾ തിരഞ്ഞെടുക്കുന്ന രീതിയും മറ്റും അവർ ചോദിച്ച് മനസിലാക്കി. സിനിമയുടെ അണിയറ വിശേഷങ്ങളും സാങ്കേതിക കാര്യങ്ങളും മേളയിലെത്തിയ അഭിനേതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.