തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഇരുനൂറോളം സിനിമകൾ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ വിവാദത്തിൽ മുക്കാൻ ചിലർ നടത്തിയ ശ്രമം വിജയിച്ചില്ല. ഉദ്ഘാടന ചടങ്ങിൽ നിന്നു മന്ത്രി എ.കെ. ബാലനും ചലച്ചിത്ര അക്കാഡമി ഭാരവാഹികളും വിട്ടു നിന്നതിനെ ചൊല്ലി വിവാദമുണ്ടാക്കി മുതലെടുക്കാനാണ് ശ്രമം നടക്കുന്നത്. സംഘാടകരായ ശിശുക്ഷേമ സമിതി ഭാരവാഹികളും വകുപ്പും അവസരത്തിനൊത്തുയർന്നതുകൊണ്ടാണ് വിവാദം ഏൽക്കാതെ പോയത്
.
കുട്ടികളുടെ അവധിക്കാലം മനോഹരമായ അനുഭവമാക്കുന്ന വിനോദപരിപാടികൾ കൂടി ഉൾക്കൊള്ളിച്ച് ശിശുക്ഷേമ സമിതി നടത്തുന്ന ഈ മേളയിൽ വേണ്ടത്ര പങ്കാളിത്തം ലഭിച്ചില്ലെന്ന ചലച്ചിത്ര അക്കാഡമിയിലെ ചിലരുടെ പരാതിയാണ് വിവാദത്തിനു പിന്നിൽ. 75 ലക്ഷം രൂപ ബഡ്ജറ്റ് നിശ്ചയിച്ച് നടത്തുന്ന ഇത്തവണത്തെ മേളയിൽ ദൂരെ നിന്നെത്തുന്ന കുട്ടികൾക്ക് സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെ നൽകുന്നുമുണ്ട്. ഈ മേളയുടെ പങ്കാളിത്തം വേണമെന്ന് ചലച്ചിത്ര അക്കാഡമി അനൗദ്യോഗികമായി ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നെങ്കിലും സഹകരണം മാത്രം മതിയെന്ന മറുപടിയാണ് ലഭിച്ചത്. മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ അക്കാഡമി വഴി ലഭിച്ചതിനു 11 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബാലചലച്ചിത്രമേളയ്ക്കായി അക്കാഡമിയിൽ നിന്നെത്തിയവരുടെ താമസ - ഭക്ഷണ ചെലവുകൾക്കായി നല്ലൊരു തുക മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ഇത് ഇത്തവണ കർശനമായി നിയന്ത്രിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നു. ഇതും അസ്വാരസ്യത്തിനു കാരണമായി.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് മേള ഉദ്ഘാടനം ചെയ്യാനായി ആദ്യം നിശ്ചയിച്ചിരുന്നത്. അദ്ദേഹം വിദേശയാത്രയിലായതിനാൽ സംഘാടകർ വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ ഉദ്ഘാടകയായും എ.കെ. ബാലനെ മുഖ്യാതിഥിയായും കടകംപള്ളി സുരേന്ദ്രനെ അദ്ധ്യക്ഷനായും ക്ഷണിച്ച് നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്തു. മന്ത്രി ശൈലജയുടെ നിർദ്ദേശപ്രകാരം പിന്നീട് ഉദ്ഘാടകനായി എ.കെ. ബാലനെ നിശ്ചയിക്കുകയായിരുന്നു.
സുഖമില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന വിവരമാണ് പരിപാടി തുടങ്ങുന്നതിനു മുമ്പ് എ.കെ. ബാലന്റെ ഓഫീസിൽ നിന്നു സംഘാടകർക്ക് ലഭിച്ചത്. ഇത് മന്ത്രിയുടെ നിസഹകരണമെന്ന് വരുത്തി തീർത്ത് മുതലെടുക്കാനുള്ള ശ്രമമാണ് ചീറ്റിയത്.