ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ ഗ്രിഗറി നായകനാകുന്നു. എ.ബി.സി.ഡി മുതൽ ദുൽഖറിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലെയും സഹതാരവും പ്രിയസുഹൃത്തുമായ ഗ്രിഗറി നായകനാകുന്നത് ഇതാദ്യമാണ്. നവാഗതനായ ഷംസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയിൽ പുരോഗമിക്കുകയാണ്.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ അനു സിതാരയും അനുപമ പരമേശ്വരനും നിഖില വിമലുമാണ് നായികമാരാകുന്നത്. മറ്റൊരു നായികയെ തീരുമാനിച്ചിട്ടില്ല.വിജയരാഘവൻ, ശ്രീലക്ഷ്മി, സുധീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
അശോകന്റെ ആദ്യരാത്രി എന്നാണ് ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേരെന്ന് മാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പേരും ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പേരും ഉടൻ തന്നെ അനൗൺസ് ചെയ്യും. ദുൽഖർ ഇൗ ചിത്രത്തിൽ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന വാർത്തയും ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നിഷേധിച്ചു.
ജോമോന്റെ സുവിശേഷങ്ങളിൽ ദുൽഖറിന്റെ നായികയായി അഭിനയിച്ച അനുപമ പരമേശ്വരൻ ഏറെക്കാലത്തിനുശേഷമാണ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. തെലുങ്കിലെ മുൻനിര നായികയാണ് അനുപമ ഇപ്പോൾ. നിഖില വിമൽ ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.
റേഡിയോ ജോക്കിയായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ ഇനി അഭിനയിക്കുന്നത്. തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹിന്ദിയിൽ സോയാ ഫാക്ടർ എന്നീ ചിത്രങ്ങൾ റിലീസാകാനുണ്ട്.
മാത്തുക്കുട്ടിയുടെ ചിത്രം കൂടാതെ മലയാളത്തിൽ ഇൗ വർഷം തന്നെ ദുൽഖർ മറ്റൊരുചിത്രത്തിൽക്കൂടി അഭിനയിക്കും.