university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവർഷ വിദ്യാർത്ഥിനി കോളജ് മാറ്റത്തിന് അപേക്ഷ നൽകി. ബന്ധുക്കൾക്ക് ഒപ്പമെത്തിയ വിദ്യാർത്ഥിനി കോളജ് പ്രിൻസിപ്പലിനും കേരള സർവകലാശാല വൈസ് ചാൻസലർക്കുമാണ് ടി.സിക്ക് അപേക്ഷ നൽകിയത്. ഭയം കാരണമാണ് കോളജ് മാറുന്നതെന്ന് വിദ്യാർത്ഥിനിയുടെ ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു.

"പഠിച്ച് ശാസ്ത്രജ്ഞയാവണമെന്ന് ആഗ്രഹിച്ച കുഞ്ഞാണവൾ. കേസ് കൊടുക്കാത്തത് പേടിച്ചിട്ടാണ്. അവളുടെ ഭാവി മുന്നിൽ കണ്ടാണ് കേസുമായി ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്തത്. ഇനി വരുന്ന തലമുറയ്ക്കെങ്കിലും അത്തരം ഒരവസ്ഥ ഉണ്ടാവരുത്"- പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. എന്നാൽ, എല്ലാ സംരക്ഷണവും നൽകാമെന്ന് പ്രിൻസിപ്പലും അദ്ധ്യാപകരും ഉറപ്പു നൽകിയിരുന്നു. വിദ്യാർത്ഥിനിയുടെ ഭാവിയെ കരുതിയാണ് പരാതിയുമായി മുന്നോട്ട് പോകാത്തതെന്നും ബന്ധു വ്യക്തമാക്കി.

എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാ പ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് ഒന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷാകർത്താക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമ്പസിനകത്തെ ലേഡീസ് റൂമിൽ രക്തം വാർന്നുകിടക്കുന്ന നിലയിലാണ്​ കണ്ടെത്തിയത്.

പരീക്ഷ സമയത്തും, ക്ലാസ് സമയങ്ങളിലും വിദ്യാർത്ഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്ന്​ പുറത്തിറക്കി പരിപാടികൾക്ക്​ പങ്കെടുപ്പിക്കുന്നതായും, ക്ലാസുകളിൽ കയറാൻ കഴിയാത്തതിനാൽ ഇന്റേർണൽ മാർക്കിൽ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടു പേജുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യകുറിപ്പ്​ പൊലീസ്​ കണ്ടെടുത്തിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പിന്നീട് പരാതിയില്ലെന്നാണ് വിദ്യാർത്ഥിനിയും രക്ഷാകർത്താക്കളും പൊലീസിന് മൊഴിനൽകിയത്. സംഭവത്തെത്തുടർന്ന് രാഷ്ട്രീയപ്പാർട്ടികളും മറ്റു സംഘടനകളും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.