തൃശ്ശൂർ: 'കുഴപ്പമൊന്നുമില്ലെടോ, ഇപ്പോ ഇറങ്ങും ഇലഞ്ഞിത്തറേലുണ്ടാവും. ഇതു വല്യ സംഭവാക്കണ്ട'- പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിനു കൊട്ടിക്കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ കിടക്കയിൽ നിന്നുവന്ന പെരുവനം കുട്ടൻമാരാർ എന്ന മഹാരഥന്റെ വാക്കുകളാണിത്. പെരുവനത്തെ അടുത്തറിയുന്നവർക്കറിയാം ഇങ്ങനെ പറയാൻ പെരുവനത്തിനു മാത്രമേ കഴിയൂ എന്ന്.
പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിനു മേടച്ചൂടിന്റെ ഒത്തനടുവിൽ നിന്നു പ്രമാണിത്തം വഹിക്കുമ്പോഴാണു പെരുവനം കുട്ടൻമാരാർക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്. ചെണ്ട നിലത്തുവച്ചു പിന്നോട്ടൊന്നാഞ്ഞു. മകൻ അപ്പുവടക്കം ചുറ്റുമുള്ളവർ താങ്ങി. മേളം തിരമുറിയാതെ കുട്ടൻമാരാരുടെ ഇടം, വലം കൈകളായ കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശൻമാരാരും മുന്നോട്ടുകൊണ്ടുപോയി.
തുടർന്ന് ആശുപത്രിയിൽ ഒരു കപ്പിൽ നഴ്സ് വെള്ളം കൊണ്ടുവന്നു. അത് കുടിച്ചപ്പോൾ പെരുവനം ചോദിച്ചു: ' ഇത് ഒ.ആർ.എസ് ലായനിയല്ലേ.. ഞാനും രണ്ടുമൂന്നെണ്ണം കരുതിയിട്ടുണ്ട്..' കഴിഞ്ഞദിവസം വരെ നല്ല പനിയുണ്ടായിരുന്നു. അതിന്റെയൊരു ക്ഷീണമാണെന്നേ..അത്രേയുള്ളൂ. ഇതുപറഞ്ഞ് ഒപ്പമുണ്ടായിരുന്ന മന്ത്രി സുനിൽകുമാറിന്റെ കാറിൽ നേരെ ഇലഞ്ഞിത്തറയിലേക്ക്.