k-c-venugopal

കാലബുരാഗി:​ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക്​ വരുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി​ കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്​ കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ലെന്നും സ്വാഭാവികമായി എം.എൽ.എമാർ കോൺഗ്രസ് പാളയത്തിലേക്ക്​ എത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

"കഴിഞ്ഞ ഒരുവർഷമായി കർണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്​ സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്​. എന്നാൽ,​ ജെ.ഡി.എസും കോൺഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട്​ പോകുന്നു​. ഞങ്ങൾ ഒരു വർഷമായി ഇവിടെ ഭരിക്കുന്നു. അത്​ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കർണാടകയിലെ പത്ത് ബി.ജെ.പി എം.എൽ.എമാർ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകായണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സമീർ അഹ്മദ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. സിദ്ധരാമയ്യ 13 ബി.ജെ.പി എം.എൽ.എമാരുമായും ഏഴ് ജെ.ഡി.എസ് എം.എൽ.എമാരുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഏപ്രിൽ 18 മുതൽ 23വരെയാണ്​ കർണാടകയിലെ 28 ലോക്​സഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ്​ നടന്നത്​. 224 അംഗങ്ങളുള്ള നിയമസഭയിൽ ജെ.ഡി.എസിന്​ 37 എം.എൽ.എമാരും കോൺ​ഗ്രസിന്​ 80 എം.എൽ.എമാരുമാണ്​ ഉള്ളത്​. ചില സ്വതന്ത്രരുടെ പിന്തുണയോടെ 113 എം.എൽ.എമാരുമായാണ്​ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം കർണാടകയിൽ അധികാരത്തിലെത്തിയത്​.