gold-

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടന്ന സ്വർണക്കടത്തിൽ ഇടനിലക്കാരിൽ അഭിഭാഷക സംഘവുമെന്ന് ഡി.ആർ.ഐ അന്വേഷണ സംഘം കണ്ടെത്തി. വിമാനത്താവളം വഴി എട്ടര കോടി സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ സുനിലിനെ ദൗത്യം ഏൽപ്പിച്ചത് രണ്ട് അഭിഭാഷകരാണ്. സുനിൽ പിടിയിലായത് അറിഞ്ഞതോടെ അഭിഭാഷകർ രക്ഷപ്പെടുകയായിരുന്നു. കണ്ടക്ടറായ സുനിൽ ഇതിനുമുമ്പും സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. ഈ സംഘം തലസ്ഥാനത്ത് സജീവമാണെന്നും ഗുണ്ടകളും അഭിഭാഷകരും ഉൾപ്പെട്ടതാണ് കൊള്ള സംഘമെന്നും ഡി.ആർ.ഐ വ്യക്തമാക്കി. സംഭവത്തിൽ അഭിഭാഷകർക്കായുള്ള അന്വേഷണം ഊർജിതമാക്കി.

ഒമാനിൽ നിന്ന് 25 കിലോ സ്വർണവുമായെത്തിയ രണ്ടു പേരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് എട്ട് കോടി രൂപ മൂല്യമുണ്ട്. സംസ്ഥാനത്തെ ഡി.ആർ.ഐയുടെ ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. ഇന്നലെ രാവിലെ 7.45നെത്തിയ ഒമാൻ എയർവേയ്‌സിലാണ് ഇരുവരുമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹാളിൽവച്ച് ഇവരെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരു കിലോ തൂക്കമുള്ള സ്വർണ ബാറുകൾ കറുത്ത കടലാസിൽ പൊതിഞ്ഞ് ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

രണ്ട് ദിവസം മുമ്പാണ് സുനിൽകുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വർണം ലഭിച്ചത്. തുടർന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. ചോദ്യംചെയ്യലിൽ ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് മാഫിയയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡി.ആർ.ഐക്ക് ലഭിച്ചെന്നാണ് സൂചന.