vm-vinu

എന്നും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വി.എം.വിനു. ബാലേട്ടനും വേഷവും പല്ലാവൂർ ദേവനാരായണനുമൊക്ക മലയാളിക്ക് സമ്മാനിച്ച വിനുവിന്റെ പുതിയ ചിത്രം 'കുട്ടിമാമ' പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ശ്രീനിവാസനും മകൻ ധ്യാനും പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടിമാമയുടെ വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് വി.എം.വിനു.

ഓരോ ചിത്രത്തിനു ശേഷവും കൃത്യമായ ഇടവേളകൾ എടുക്കുന്നയാളാണ് താങ്കൾ. ഇടവേളകൾ സ്വയം സൃഷ്‌ടിക്കപ്പെടുന്നതാണോ?

നല്ല സബ്‌ജക്‌ടിനു വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമേ വന്നിട്ടുള്ളൂ. വെറുതെ എന്തെങ്കിലുമൊക്കെ ചെയ്‌ത് ആളുകളെ വെറുപ്പിക്കുന്നതിനേക്കാൾ നല്ലത് ചെയ്യാതിരിക്കുന്നതല്ലേ? എല്ലാവർഷവും കർക്കടകത്തിലെ വാവുബലി ഇടുന്നമാതിരി ചെയ്‌തിട്ട് കാര്യമില്ലല്ലോ? സിനിമ എന്നു പറഞ്ഞാൽ ഒരു ആചാരമോ ചടങ്ങോ അല്ല. അത് അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്.

കുട്ടിമാമയിലേക്കു വന്നു കഴിഞ്ഞാൽ, ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം ബഡായിക്കാരനായ ഒരു റിട്ടയേ‌ർഡ് പട്ടാളക്കാരന്റേതാണ്. എന്തുകൊണ്ടാണ് മലയാള സിനിമ ഇത്രയധികം ബഡായിക്കാരായ പട്ടാളക്കാരെ സൃഷ്‌ടിക്കുന്നത്?

അങ്ങനെയല്ല. ഈ സിനിമയിൽ ശ്രീനിവാസൻ ചെയ്യുന്ന കഥാപാത്രം ഒരു റിട്ടയേർഡ് പട്ടാളക്കാരനായതുകൊണ്ട് കുറച്ചുതള്ളുകഥകൾ പറയുന്നുവെന്നേയുള്ളൂ. പിന്നെ പട്ടാളക്കാരേക്കാൾ ഏറ്റവും വലിയ തള്ളുകാർ നമ്മുടെ രാഷ്‌ട്രീയക്കാരാണ്. ഏറ്റവും വലിയ തള്ളുവിദഗ്‌ദർ അവരാണ്. തള്ളി തള്ളി ജനങ്ങളെ കുഴിയിൽ കൊണ്ടു ചാടിക്കുന്നവരാണവർ. പിന്നെ രാഷ്‌ട്രീയക്കാർ മാത്രമല്ല കല്യാണവീട്ടിലായാലും മരണവീട്ടിലായാലും ഇത്തരം തള്ളുകാരെ നമുക്ക് കാണാൻ കഴിയും. പട്ടാളക്കാരു പറയുന്ന കാര്യങ്ങളിൽ സത്യങ്ങളുണ്ട്. അത്തരം സത്യങ്ങൾ ചില പൊടിപ്പും തൊങ്ങലും ചേർത്ത് കുട്ടിമാമയിലൂടെ പറയുന്നുവെന്നേയുള്ളൂ.

ശ്രീനിവാസൻ മതി എന്ന തീരുമാനം?

മലയാളത്തിൽ മറ്റേതൊരു നടൻ ചെയ്‌താലും ശേഖരൻകുട്ടി എന്നകഥാപാത്രം ശ്രീനിയേട്ടനോളം വരില്ല എന്ന ഉറച്ച ബോധം ആദ്യമേ എനിക്കുണ്ടായിരുന്നു. സിനിമയുടെ കഥയ്‌ക്കും അത്തരത്തിലുള്ള പ്രത്യേകതയുണ്ട്. മാത്രമല്ല ശ്രീനിയേട്ടന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ധ്യാനാണ്. അങ്ങനെയാകുമ്പോൾ ശരീരഭാഷകൊണ്ടും ശ്രീനിവാസനല്ലാതെ മറ്റൊരു ചോയിസ് ഉണ്ടായിരുന്നില്ല.

വിനീത് ശ്രീനിവാസനെ നായകനാക്കി വർഷങ്ങൾക്ക് മുമ്പ് ചിത്രം സംവിധാനം ചെയ്‌തിരുന്നു. ഇപ്പോൾ ധ്യാനിനൊപ്പവും. എങ്ങനെ വിലയിരുത്തുന്നു ഇരുവരിലെയും അഭിനേതാവിനെ?

രണ്ടാളുടെയും ബോഡി ലാംഗ്വേജ് രണ്ടാണ്. വിനീത് കുറച്ചു കൂടി സോഫ്‌റ്റാണ്. മറ്റൊരു രീതിയിലാണ് അയാളുടെ അഭിനയം. തീർച്ചയായും ധ്യാനും നല്ലൊരു നടനാണ്. ഹാസ്യവും ആക്ഷനുമെല്ലാം ഒരുപോലെ വഴങ്ങുന്ന നടൻ. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇരുവർക്കും കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

വിനുവാണ് എന്റെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രിവാസത്തിനു ശേഷം നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നു. ശരിക്കും താങ്കൾ അദ്ദേഹത്തിന്റെ രക്ഷകനായോ?

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ഫസ്‌റ്റ് ഡേ ഡബ്ബിംഗ് തുടങ്ങുന്ന സമയത്താണ് ശ്രീനിയേട്ടന് വയ്യാതാകുന്നത്. പുള്ളിക്ക് പെട്ടെന്നൊരു ക്ഷീണം പോലെ അനുഭവപ്പെടുകയായിരുന്നു. ആദ്യം ഗ്യാസ് ട്രബിൾ പ്രോബ്ളം എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥ അത്ര പന്തിയല്ലെന്ന് എനിക്ക് മനസിലായി. ഡോക്‌ടറുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഒരു കുഴപ്പവുമില്ല ഒരിടത്തേക്കും ഞാൻ വരില്ല എന്ന മറുപടിയായിരുന്നു. ഒടുവിൽ വളരെ നിർബന്ധിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

നേരത്തെ തന്നെ ആശുപത്രിയിൽ വിളിച്ച് അദ്ദേഹത്തിന്റെ അവസ്ഥ പറയുകയും ചെയ്‌തിരുന്നതുകൊണ്ട് അവരും തയ്യാറായി നിന്നിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടയിൽ തന്നെ ശ്രീനിയേട്ടൻ ഏറെ അവശനായി മാറിയിരുന്നു. സിനിമയിലൊക്കെ നമ്മൾ പറയാറില്ലേ രണ്ട് മിനിട്ടു കൂടി കഴിഞ്ഞിരുന്നെങ്കിൽ എല്ലാം കഴിഞ്ഞേനെയെന്ന്. അതു തന്നെയായിരുന്നു ശ്രീനിയേട്ടന്റെ കാര്യത്തിലും സംഭവിച്ചത്. തിരിച്ചുകിട്ടുകയായിരുന്നു അദ്ദേഹത്തെ നമുക്ക്.

ഒടുവിൽ ചികിത്സയൊക്കെ കഴിഞ്ഞ് ശ്രീനിയേട്ടനോട് വിമലേച്ചിയാണ് ( ശ്രീനിവാസന്റെ ഭാര്യ) പറഞ്ഞത് 'ഇതാരാന്ന് അറിയോ? നിങ്ങളെ രക്ഷിച്ചയാളാണ്' എന്ന്. എന്നാൽ പിന്നെ എന്റെ എല്ലാ ചെലവും ഇനി നീ തന്നെ നോക്കിക്കോണം എന്നായിരുന്നു എന്നെ നോക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി.

ബാലേട്ടനിലൂടെ മോഹൻലാലിനും വേഷത്തിലൂടെ മമ്മൂട്ടിയ്‌ക്കും മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് താങ്കൾ. ഇനി എന്നാണ് മലയാളത്തിന്റെ ഈ സൂപ്പർതാരങ്ങൾക്കൊപ്പം?

വളരെ ആഗ്രഹമുണ്ട് അത്തരം ചിത്രങ്ങൾ സംഭവിക്കാൻ. അവർക്കു പറ്റുന്ന നല്ല സബ്‌ജക്‌ടുകൾ വരണം. എന്നാലെ അതിനെപറ്റി ആലോചിക്കാൻ കഴിയൂ. പിന്നെ മമ്മൂക്ക എനിക്കെന്നും ഒരു ഓപ്പൺ ഡോറാണ്. അതുപോലെ തന്നെയാണ് ലാൽജിയും. നേരത്തെ ഇവരോടൊപ്പം നടന്ന സിനിമകളൊക്കെ തന്നെ കാൽക്കുലേറ്റ് ചെയ്‌ത് ഉണ്ടാക്കിയതല്ല. അതൊക്ക സംഭവിച്ചതാണ്.

ബാലേട്ടൻ മോഹൻലാലിന്റെ അഭിനയജീവതത്തിലെ വമ്പൻ ഹിറ്റുകളിലൊന്നാണ്. എന്നാൽ കൂടുതൽ സിനികളും മമ്മൂട്ടിക്കൊപ്പമാണല്ലോ?

സൂര്യമാനസത്തിന്റെ അസോസിയേറ്റായി വർക്കു ചെയ്യുന്ന കാലത്തു തന്നെ മമ്മൂക്കയുമായി നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിനെന്നെ വളരെ ഇഷ്‌ടമാണ്. എന്നിരുന്നാലും ഞങ്ങൾ തമ്മിൽ വഴക്കൊക്കെ കൂടാറുണ്ട്. നീ ഇങ്ങനെ അസോസിയേറ്റ് ആയിട്ട് ഇരുന്നാൽ പോരാ, ഒരു സിനിമ ഡയറക്‌ട് ചെയ്യണമെന്ന് ആദ്യം പറഞ്ഞത് മമ്മൂക്കയാണ്. പെട്ടെന്ന് പ്ളാൻ ചെയ്യ് ഞാൻ ഡേറ്റ് തരാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വളരെ നല്ല ബന്ധമാണുള്ളത്.

മോഹൻലാലുമായിട്ട് അടുത്തിടപെഴകാനുള്ള അവസരം ലഭിച്ചത് ബാലേട്ടനിലൂടെ തന്നെയായിരുന്നു. അതിനു മുമ്പ് പലയിടങ്ങളിലും വച്ച് കണ്ടിട്ടുണ്ടെങ്കിൽ കൂടിയും. ബാലേട്ടനിൽ കൂടിയാണ് ഞങ്ങൾ തമ്മിൽ ഒരു ആത്മബന്ധമുണ്ടാകുന്നത്. നല്ല സബ്‌ജക്‌‌ടുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും പടം ചെയ്യാമെന്ന് ലാൽജി എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത്തരത്തിൽ നല്ല സബ്‌ജക്‌ട് വേണം. ബാലേട്ടനേക്കാൾ മുകളിൽ നിൽക്കണമല്ലോ?

ന്യൂജനറേഷന്റെയും റിയലിസ്‌റ്റിക് സിനിമകളുടെയുമെല്ലാം കാലമാണിത്. എങ്ങനെ വിലയിരുത്തുന്നു നമ്മുടെ നവസിനിമകളെ?

എല്ലാകാലത്തും ഇത്തരം ന്യൂജനറേഷനും റിയലിസ്‌റ്റിക് സിനിമകളുമെല്ലാമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ന്യൂ ജനറേഷൻ ആയിരുന്നത് കെ.ജി ജോർജ് സാറാണ്. അദ്ദേഹത്തിന്റെ പഞ്ചവടിപ്പാലത്തിനോടൊന്നും കിടപിടിക്കുന്ന സിനിമകൾ വേറെ ഉണ്ടായിട്ടില്ല. ഭരതൻ, പത്മരാജൻ, ഐ.വി ശശി, ലോഹിതദാസ് ഇവരൊക്കെ ഓരോ സമയത്തെയും ന്യൂജനറേഷൻകാരാണ്.

പക്ഷേ ഇപ്പോൾ റിയലിസ്‌റ്റിക് സിനിമ എന്നൊക്കെ പറഞ്ഞു വരുന്നത്... ഒന്നോ രണ്ടോ സിനിമകളാവാം. സിനിമ എന്നുപറഞ്ഞാൽ ഒരു എന്റർടെയ്‌നർ ആണ്. പച്ചയായ ജീവിത അവസ്ഥ ഒപ്പിയെടുത്ത് അതേപോലെ അവതരിപ്പിക്കുന്നതല്ല കല. കലയെന്നു പറഞ്ഞാൽ റിയലിസത്തിൽ നിന്നും നമ്മൊളൊരു കലാകാരന്റെ കാഴ്‌ചപ്പാടിൽ അവൻ ചാർത്തി നൽകുന്ന നിറങ്ങളാണ്. അതാണ് യഥാർത്ഥ കല. അല്ലാതെ റിയലിസ്‌റ്റിക് സിനിമ എന്ന പേരിൽ ബോറടിപ്പിക്കുന്നതല്ല. ഇപ്പോൾ തന്നെ ആളുകൾക്ക് അത് മടുത്തു കഴിഞ്ഞു. സുഡാനിയേയും, പറവയേയും പോലുള്ള നല്ല സിനിമകൾ വന്നിട്ടുണ്ട്. ഇല്ലാന്ന് പറയുന്നില്ല. പക്ഷേ എല്ലാം അതുപോലെ തന്നെ വന്നു കഴിഞ്ഞാൽ ഭയങ്കര ബോറാണ്.

കുട്ടിമാമയുടെ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത് താങ്കളുടെ മകൻ തന്നെയാണ്, പാട്ടിലൂടെ സാന്നിധ്യാമായി മകളുമുണ്ട്. എങ്ങനെയുണ്ട് മക്കൾക്കൊപ്പമുള്ള സിനിമാ അനുഭവം?

മകൻ വരുണാണ് കുട്ടിമാമയുടെ ക്യാമറ. അവന്റെ സ്വതന്ത്രമായ ആദ്യത്തെ വർക്കാണിത്. അതിന്റെയൊരു ടെൻഷൻ സത്യത്തിൽ ആദ്യമെനിക്കുണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങിയതോടെ അവൻ തന്നെ അതൊക്കെ മാറ്റി തന്നു. ചെറുപ്പത്തിൽ അവന്റെ ചില ഷോട്ട് ഫിലിമൊക്കെ കണ്ടിട്ട് എന്നെക്കാൾ മുമ്പേ ഇവനെ ക്യാമറാമാൻ ആക്കണമെന്നും, ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേർക്കണമെന്നുമൊക്കെ പറഞ്ഞത് മമ്മൂക്കയാണ്.

മകൾ വർഷ എന്റെ 'മറുപടി' എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്. കുട്ടിമാമയിലും വിനീത് ശ്രീനിവാസനൊപ്പം അവൾ പാടുന്നുണ്ട്. രണ്ടുപേരും അവരുടേതായ രീതിയിൽ ഒരിടം കണ്ടെത്തുന്നുണ്ട് എന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്.

ഇക്കഴിഞ്ഞ 17ന് തിയേറ്ററുകളിലെത്തിയ കുട്ടിമാമയ്‌ക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.