മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘസിദ്ധാന്തത്തെ ട്രോളി ബോളിവുഡ് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊർമിള മതോണ്ഡ്കർ രംഗത്തെത്തി. തെളിഞ്ഞ ആകാശവും മേഘങ്ങളുമില്ലാത്തതിനാൽ തന്റെ വളർത്തുനായ റോമിയോയുടെ ചെവിയിലേക്ക് റഡാർ സിഗ്നൽ വ്യക്തമായി ലഭിക്കുന്നുണ്ടെന്ന് ഊർമിള ട്വീറ്റിലൂടെ പരിഹസിച്ചു. വളർത്തുനായയോടൊപ്പം ഊർമിള നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി, എന്റെ പ്രിയപ്പെട്ട റോമിയോയുടെ ചെവികൾക്ക് കൃത്യമായി റഡാർ സിഗ്നലുകൾ പിടിച്ചെടുക്കാനാവുന്നുണ്ട്' എന്നായിരുന്നു ഊർമ്മിളയുടെ ട്വീറ്റ്. മുംബയ് നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഊർമ്മിള നേരത്തെ മോദി ബയോപികിനെ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.
പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തോടെയാണ് പ്രധാനമന്ത്രിയുടെ മേഘസിദ്ധാന്തം പരിഹാസങ്ങൾക്ക് വഴിവച്ചത്. ബലാക്കോട്ട് ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ മഴയും കാർമേഘങ്ങളുമുണ്ടായിരുന്നത് വ്യോമസേനയെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, പാക് റഡാറുകളിൽ നിന്ന് വിമാനങ്ങളെ കാർമേഘങ്ങൾ മറയ്‌ക്കുമെന്ന് താൻ സേനയ്‌ക്ക് ആത്മിവിശ്വാസം പകർന്നെന്നും അതിനെത്തുടർന്നാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു അഭിമുഖത്തിൽ മോദി പറഞ്ഞത്.
Thank God for the clear sky and no clouds so that my pet Romeo’s ears can get the clear RADAR signals 🤣 pic.twitter.com/lbgtmIo59L
— Urmila Matondkar (@OfficialUrmila) May 13, 2019