പള്ളുരുത്തി : ഒരാഴ്ചയോളം പൊലീസിനെയും നാട്ടുകാരെയും ദുരൂഹതയിലേക്ക് തള്ളിവിട്ട രക്തക്കറ ഒടുവിൽ മനുഷ്യന്റേതെന്ന് തിരിച്ചറിഞ്ഞു. തോപ്പുംപടിയിൽ നിന്നും കാണാതായ ഓടമ്പള്ളിപ്പറമ്പിൽ ഒ.ജി വിനുവിന്റെ മൃതദേഹം ഒ.ബി.ടി പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതോടെയാണ് ദുരൂഹത നീങ്ങിയത്. യുവാവിന്റെ ബൈക്കും രക്തക്കറ കണ്ട കണ്ണങ്ങാട്ട് പാലത്തിന് താഴെ ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലത്തിൽ കണ്ട രക്തം യുവാവിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചത്.
പാലത്തിന്റെ തൂണിലും ഭിത്തിയിലുമായിരുന്നു രക്തക്കറ ഉണ്ടായിരുന്നത്. രക്തം തളം കെട്ടികിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർക്കിടയിൽ ദുരൂഹത പുകഞ്ഞു. രക്തം മൃഗത്തിന്റെതെന്ന് വരെ സംശയം ഉയർന്നു. പൊലീസിലെ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി രക്തം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. എന്നാൽ റിപ്പോർട്ട് കിട്ടാൻ വൈകിയതോടെ പൊലീസിന് രക്തക്കറ തലവേദനയായി. ഇതിനിടെയാണ് യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞത്. കണ്ണേങ്ങാട്ട് പാലത്തിൽ എത്തിയ യുവാവ് കൈത്തണ്ട മുറിച്ച ശേഷം കായലിൽ ചാടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിനുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കേളേജിൽ നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിവാഹിതനാണ്. തോപ്പുംപടിയിൽ പ്രസ് നടത്തി വരികയായിരുന്നു ഇയാൾ.