ലക്‌നൗ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്ര ദർശനം നടത്തുന്നത് ഒരു ഫാഷനായി മാറിയെന്ന് മായാവതി ആരോപിച്ചു. ക്ഷേത്ര ദർശനത്തിനായി വൻതോതിൽ പണം ചിലവിടുന്നുണ്ട്. ഇത് നിറുത്തലാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവിൽ ക്ഷേത്ര ദർശനത്തിന്റെ ചിലവും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് കമ്മിഷൻ നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തിനിടെ ഉജ്ജയിനിയിലെ മഹാകലേശ്വർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഒരുമണിക്കൂറോളം പൂജകളിലും പങ്കെടുത്തു. മുഖ്യമന്ത്രി കമൽ നാഥ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉജ്ജയിനി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബാബുലാൽ മാളവ്യയ്ക്കു വേണ്ടി ഇന്ദോറിലെ റോഡ് ഷോയിലും പങ്കെടുത്തിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും മായാവതി ആരോപണമുന്നയിച്ചിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച ആളാണ് നരേന്ദ്ര മോദിയെന്നാണ് മായാവതി ആരോപിച്ചത്. ബി.ജെ.പി നേതാക്കളുടെ ഭാര്യമാർക്ക് മോദിയെ ഭയമാണെന്നും തങ്ങളെ ഭർത്താക്കന്മാരിൽ നിന്ന് മോദി വേർപ്പെടുത്തിയേക്കുമെന്ന് അവർ ഭയക്കുന്നതായും മായാവതി പറഞ്ഞു. രാജസ്ഥാനിലെ ആൾവാർ കൂട്ടബലാത്സംഗത്തിൽ മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കവേയാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.