തിരുവനന്തപുരം : ഔദ്യോഗിക യാത്രകളിൽ തന്നോടൊപ്പം യാത്ര ചെയ്യുന്ന ഭാര്യയുടെ ചെലവും സർക്കാർ തന്നെ വഹിക്കണമെന്ന പി.എസ്.സി ചെയർമാന്റെ ആവശ്യം തള്ളി. മന്ത്രിമാർക്കില്ലാത്ത ഈ സൗകര്യം പി.എസ്.സി ചെയർമാനു മാത്രമായി നൽകാനാവില്ലെന്ന നിലപാടാണ് പൊതു ഭരണവകുപ്പ് സ്വീകരിച്ചത്. സംസ്ഥാനത്തിന് പുറത്തുൾപ്പടെ ഔദ്യോഗികാവശ്യത്തിനായി യാത്ര ചെയ്യുമ്പോൾ തന്നെ അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് കാട്ടി ഏപ്രിൽ മുപ്പതിന് പി.എസ്.സി ചെയർമാൻ ഫയലിൽ കുറിച്ചിരുന്നു. ഈ ആവശ്യം പി.എസ്.സി സെക്രട്ടറി മുഖാന്തരം പൊതുഭരണ വകുപ്പിനു കൈമാറുകയായിരുന്നു. നിലവിൽ മാസം ഒന്നരലക്ഷത്തിലധികം രൂപ ശമ്പളമായി ലഭിക്കുന്ന പി.എസ്.സി ചെയർമാന് ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഭാര്യയുടെ യാത്രാചെലവ് കൂടി സർക്കാർ വഹിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മാദ്ധ്യമങ്ങിലൂടെ വാർത്ത പുറത്തെത്തിയതോടെ ചെയർമാന്റെ ആവശ്യം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.