ഇന്ത്യയിലെ മേജർ തുറമുഖങ്ങൾക്കിടയിൽ ഉയർന്ന വളർച്ചാനിരക്കുമായി ലോക ശ്രദ്ധ നേടുകയാണ് കൊച്ചി അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി). ജനുവരി-മാർച്ച് ത്രൈമാസ പാദത്തിൽ കണ്ടെയ്‌നർ നീക്കത്തിൽ 14 ശതമാനമാണ് ഇവിടെ വളർച്ച. ഇന്ത്യൻ തുറമുഖങ്ങൾ ഒന്നിച്ച് കുറിച്ച വളർച്ചയേക്കാൾ കൂടുതലാണിത്.
മാർച്ചിൽ മാത്രം 56,000 ടി.ഇ.യു കണ്ടെയ്‌നറുകൾ ഡി.പി. വേൾഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാർപാടം ടെർമിനൽ വഴി കടന്നുപോയി. സർവകാല റെക്കാഡാണിത്. ഐ.സി.ടി.ടിയുടെ വളർച്ചയുടെ പടവുകൾ സംബന്ധിച്ച് ഡി.പി. വേൾഡ് കൊച്ചി സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ് 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
ഡി.പി. വേൾഡ് കൊച്ചിയുടെ വളർച്ചയുടെ രഹസ്യം?
കാര്യശേഷി തന്നെ പ്രധാനം. അത്യാധുനിക സൗകര്യങ്ങളാണ് കരുത്ത്. ഇവിടുത്തെ മണിക്കൂറിൽ 30ലേറെയുള്ള ക്രെയിൻ മൂവ്‌മെന്റ്‌സ് (ജി.സി.ആർ). ഇന്ത്യയിലെ തന്നെ ഉയർന്നതാണ്. ട്രക്ക് ടേൺ എറൗണ്ട് 24-27 മിനുട്ടാണ്. ഒരു ട്രക്ക് 27 മിനുട്ടിനകം ലോഡിംഗ്/അൺലോഡിംഗ് കഴിഞ്ഞ് തിരിച്ചിറങ്ങും. സമയലാഭം ഇടപാടുകാർക്ക് ആശ്വാസമാണ്.
കണ്ടെയ്‌നർ നീക്കം ഓൺലൈനായും നിരീക്ഷിക്കാം.മറ്റ് രാജ്യാന്തര-ആഭ്യന്തര തുറമുഖ കണക്‌ടിവിറ്രിയും വളർച്ചയുടെ പ്രധാന ഘടകമാണ്.
കണക്‌ടിവിറ്രിയെ കുറിച്ച് വിശദമാക്കാമോ?
ഇന്ത്യയിലെ മേജർ തുറമുഖങ്ങളും ബേപ്പൂർ, അഴീക്കൽ, കോട്ടയം എന്നിവയും ഉൾപ്പെടെ 13ഓളം തുറമുഖങ്ങളുമായി കൊച്ചിയിൽ നിന്ന് നേരിട്ട് കണക്‌ടിവിറ്റിയുണ്ട്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതാണ്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും വല്ലാർപാടം വഴി ചരക്കുനീക്കമുണ്ട്.
ചെറു തുറമുഖങ്ങളിലേക്കുള്ള സർവീസുകളുടെ പങ്ക് എന്താണ്?
ഇവിടങ്ങളിലേക്ക് താരതമ്യേന ചരക്കുനീക്കം കുറവാണെങ്കിലും മികച്ച വളർച്ചാ നിരക്കാണ്. റോഡ് മാർഗമുള്ള ചരക്കുനീക്കം കുറയ്‌ക്കുകയാണ് ലക്ഷ്യം.
കൊച്ചിയിൽ നിന്ന് ചൈനയിലേക്ക് കൂടുതൽ സർവീസുകൾ ആലോചിക്കുന്നുണ്ടോ?
ലോകത്തെ മുൻനിര ഷിപ്പിംഗ് ലൈനുകളിലൊന്നായ വാൻ ഹായിയുടെ പ്രതിവാര സർവീസാണ് (ചൈന-ഇന്ത്യ എക്‌സ്‌പ്രസ് -2) ആരംഭിച്ചത്. കിഴക്കനേഷ്യയിലേക്ക് രണ്ട്, മിഡിൽ ഈസ്‌റ്റിലേക്ക് മൂന്ന്, യൂറോപ്പിലേക്ക് ഒന്ന്, ഓസ്‌ട്രേലിയ-ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് ഒന്ന്, കൊളംബോയിലേക്ക് മൂന്ന് എന്നിങ്ങനെയാണ് കൊച്ചിയിൽ നിന്നുള്ള മെയിൻലൈൻ സർവീസുകൾ. കയറ്റുമതിക്കാർക്ക് ഏറെ സൗകര്യപ്രദമാണിത്.
അമേരിക്കയിലേക്ക് സർവീസ് ?
ചർച്ചകൾ പുരോഗമിക്കുന്നു. വൈകാതെ പ്രതീക്ഷിക്കാം.
ഒമ്പത് ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ് വല്ലാർപാടം ടെർമിനലിന്റെ ശേഷി. കഴിഞ്ഞവർഷം കൈകാര്യം ചെയ്‌തത് 5.75 ലക്ഷമാണ് ?
പുതിയ സർവീസുകൾ വരുന്നതിലൂടെ മികച്ച വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ വർഷം കണ്ടെയ്‌നറുകൾ ആറുലക്ഷം കവിയും.
നിലവിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പ്രധാനമായും ചരക്കുനീക്കം നടക്കുന്നത് കൊളംബോ, സിംഗപ്പൂർ വഴിയാണ്. ഇത് കൊച്ചി വഴിയാക്കാനായാൽ മികച്ച വളർച്ച നേടാനാകും. അതിനാണ് ശ്രമങ്ങൾ.
വല്ലാർപാടം വഴി കടന്നുപോകുന്ന പ്രധാന ഉത്‌പന്നങ്ങൾ ?
പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്‌പന്നങ്ങൾ, കയർ എന്നിവ. മറ്റു സംസ്‌ഥാനങ്ങളിൽ നിന്നും ചൈനയിൽ നിന്നും കാര്യമായ ഇറക്കുമതിയും കൊച്ചിയിലേക്കുണ്ട്. 70 ശതമാനം ചരക്കുനീക്കവും അന്തർദേശീയ തലത്തിലാണ്.
വിഴിഞ്ഞം കൊച്ചിയ്ക്ക് എത്രത്തോളം വെല്ലുവിളിയാകും?
മത്സരം എല്ലായ്‌പ്പോഴും നല്ലതാണ്. ഇപ്പോഴും മറ്റ് തുറമുഖങ്ങളിൽ നിന്ന് വെല്ലുവിളികളുണ്ട്. ഞങ്ങൾക്ക് വ്യക്തമായ വളർച്ചാ പ്ളാൻ ഉണ്ട്. അതിൽ, ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകും.
വല്ലാർപാടത്തേക്കുള്ള റെയിൽപ്പാലം പരാജയമാണോ? ടെർമിനലിനെ ഇതെങ്ങനെ ബാധിക്കുന്നു?
ലക്ഷ്യമിട്ടത്ര ട്രെയിനുകൾ ഇപ്പോഴുമില്ല. സ്‌ഥിതി മെച്ചപ്പെട്ടു വരുന്നു. റെയിൽ കണക്‌ടവിറ്റി മെച്ചപ്പെടേണ്ടതുണ്ട്. ട്രാൻസ്‌ഷിപ്പ്‌മെന്റിന്റെ വളർച്ചയ്ക്ക് അതും അത്യാവശ്യമാണ്.
ഡി.പി. വേൾഡിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ?
ടെർമിനലിന്റെ സമീപ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. മുളവുകാട് റിക്രിയേഷൻ സെന്റർ, ഡേകെയർ, ലൈബ്രറി എന്നിവ സജ്ജീകരിച്ചു. സ്‌കൂളുകളിൽ പ്രത്യേക പരിപാടികളും 'കമ്പ്യൂട്ടർ ഓൺ വീൽസ്" എന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
പ്രളയബാധിതർക്കായി നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യഘട്ടം ഈ മാസവും രണ്ടാംഘട്ടം ആഗസ്‌റ്രോടെയും കൈമാറും.