തിരുവനന്തപുരം: തൃശ്ശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായുള്ള സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.എൻ പ്രതാപൻ. ആർ.എസ്.എസിന്റെ പ്രവർത്തനം ശക്തമായിരുന്നു. ഹിന്ദുവോട്ടുകൾ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടാകാം. വിചാരിക്കാത്ത അടിയൊഴുക്കുകൾ ഉണ്ടായേക്കാമെന്നും പ്രതാപൻ വ്യക്തമാക്കി. ഇന്നു നടന്ന യു.ഡി.എഫ് യോഗത്തിനിടെയായിരുന്നു പ്രതാപന്റെ പരാമർശം.
തൃശ്ശൂരിൽ അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തുഷാർ വെള്ളാപ്പള്ളിയായിരുന്നു സ്ഥാനാർഥി ആയിരുന്നതെങ്കിൽ ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നു. ക്രിസ്‌ത്യൻ-മുസ്ലിം വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു. എന്നാൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം സാഹചര്യം മാറ്റി. ഹിന്ദുവോട്ടുകൾ വലിയരീതിയിൽ സുരേഷ് ഗോപിക്ക് പോയി.
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെയുണ്ടായ നിഷേധവോട്ടുകളും സുരേഷ് ഗോപിയിലൂടെ ബി.ജെ.പിയിലാണ് എത്തിയിട്ടുണ്ടാവുക. ധീവരമേഖലയിലും വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. എതിരായ ഫലം പോലുമുണ്ടാകാമെന്ന് പ്രതാപൻ പറഞ്ഞു.
കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിലെയും വിജയസാധ്യത സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടായി. 15 സ്ഥാനാർഥികളും വിജയപ്രതീക്ഷയാണ് യോഗത്തിൽ പങ്കുവെച്ചത്. എന്നാൽ പ്രതാപൻ മാത്രമാണ് ആശങ്ക മുന്നോട്ടുവെച്ചത്.
അതേസമയം, വിജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ പരിഗണിക്കുന്നതെന്നാണ് ഉമ്മൻ ചാണ്ടി അടക്കുമുള്ള നേതാക്കളുടെ പ്രതികരണം. മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രതാപൻ ജയിക്കുമെന്നായിരുന്നു തൃശ്ശൂരിൽനിന്നുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ പ്രതികരണം. വിനയംകൊണ്ടാണ് ഇത്തരത്തിലൊരു പ്രതികരണം പ്രതാപൻ നടത്തിയതെന്ന് ബെന്നി ബെഹനാൻ പ്രതികരിച്ചു.