പെരിയ:യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ (24), കൃപേഷ് (19) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ രണ്ടു പേർ അറസ്‌റ്റിൽ. ഉദുമ ഏരിയ സെക്രട്ടറി മണികണ്‌ഠൻ, കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്‌ണൻ എന്നിവരാണ് അറസ്‌റ്റിലായത്. തെളിവു നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ഇരുവരുടെയും അറസ്‌റ്റ് സംബന്ധിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഹോസ്ദുർഗ് കോടതിയിൽ ഇരുവരെയും ഹാജരാക്കിയതായി അഭിഭാഷകരാണ് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.
പ്രദേശത്തെ സി.പി.എം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നുണ്ട്. സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, പ്രവർത്തകരായ റജി, കുട്ടൻ (പ്രദീപ്) എന്നിവരിൽ നിന്നു കൊല്ലപ്പെട്ടവർക്കു ഭീഷണിയുണ്ടായിരുന്നുവെന്നു കണ്ടെത്തിയിരുന്നു.. പീതാംബരനെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു ശരത് ലാൽ.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി ശരത് ലാലിനെയും കൃപേഷിനെയും വെട്ടികൊലപ്പെടുത്തിയത്.