f15c

വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള പോർ തുടരുകയാണ്. ഇറാന് താക്കീതെന്നോണം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറാന് സമീപം പേർഷ്യൻ ഉൾക്കടലിനു മുകളിൽ പ്രതിരോധ പറക്കൽ നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശങ്കയോടെയാണ് ലോകം അമേരിക്കൻ നീക്കത്തെ കാണുന്നത്.കഴിഞ്ഞ ദിവസം യു.എ.ഇ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം നാല് കപ്പലുകൾക്ക് നേരെ അക്രമമുണ്ടായെന്ന വാർത്തയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ സൈനിക നീക്കം.

അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബർ വിമാനങ്ങളും പേർഷ്യൻ ഉൾക്കടലിനു മുകളിൽ ആദ്യമായി പ്രതിരോധപ്പറക്കൽ നടത്തി. മധ്യപൂർവദേശത്ത് ഇറാന്റെ 'ഭീഷണി' തടയുന്നതിനായി സേന ഞായറാഴ്ച മേഖലയിൽ പട്രോളിംഗ് നടത്തിയതായി യു.എസ് എയര്‍ഫോഴ്‌സസ് സെൻട്രൽ കമാൻഡാണു വെളിപ്പെടുത്തിയത്.

യു.എസ് വ്യോമസേനയുടെ ബി52എച്ച് ദീർഘദൂര ബോംബർ വിമാനങ്ങൾ, എഫ്15സി ഈഗിൾസ്, എഫ്35എ ലൈറ്റ്‌നിംഗ് 2 ജോയിന്റ് സ്‌ട്രൈക് പോർവിമാനങ്ങൾ എന്നിവയാണ് പ്രതിരോധപ്പരറക്കൽ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താൽപര്യാങ്ങൾ സംരക്ഷിക്കാൻ യു.എസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോർവിമാനങ്ങൾ പ്രതിരോധപ്പറക്കൽ നടത്തിയതെന്നു യു.എസ് പട്ടാളം വ്യക്തമാക്കി.

ഇറാനുമായുള്ള ആണവ കരാറിൽ നിന്നും യു എസ് ഏകപക്ഷീയമായി പിന്മാറിയതും ഇവർ തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിരുന്നു. മധ്യപൂർവ ദേശത്ത് ഇറാന്റെ ആക്രമണം ഉണ്ടായാൽ ഏതു നിലക്കും പ്രതിരോധിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് അമേരിക്ക അറിയിച്ചു. സേനാ വിന്യാസത്തിന്റെ പദ്ധതികൾ പ്രാരംഭദശയിലാണെന്നും ഇറാന്റെ നീക്കം എന്തെന്ന് മനസിലാക്കിയായിരിക്കും തുടർനടപടിയെന്നും ഒരു ഉന്നതതല യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.