കഴിഞ്ഞ ആറുവർഷമായി കേരളത്തിലെ ആയൂർവേദ ഔഷധ നിർമ്മാണ മേഖല കേരളത്തിൽ തളർച്ചയിലാണ്. ആയുർവേദ മരുന്ന നിർമ്മാണത്തിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വേണ്ടത്ര ഒരുക്കങ്ങൾ കൂടാതെ കേരളത്തിൽ നടപ്പാക്കിയതോടെയാണ് ആയുർവേദ ഔഷധ വ്യവസായം തളർച്ചയിലായത്. കേരളത്തിലെ പ്രതിസന്ധി മുതലെടുത്ത് അന്യ നാടുകളിൽ നിന്നും ആയൂർവേദ ഉത്പന്നങ്ങൾ കേരള വിപണി കൈയ്യടക്കുകയാണ്. കേരളത്തിൽ നിബന്ധന കടുത്തതോടെ ചെറു ആയൂർവേദ ഔഷധ വ്യവസായ ശാലകൾ കേരളത്തിൽ നിന്നും വേരോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. രണ്ടായിരം കോടിരൂപയുടെ മൂല്യമുള്ള വ്യവസായമാണ് കേരളത്തിന് ഇതുവഴി നഷ്ടമാവാൻ പോകുന്നത്.
ആയൂർവേദ മരുന്നുകൾക്കും അത് നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കും ലൈസൻസ് നേടണമെന്നും അത് നൽകാൻ വിദഗ്ധ സമിതി വേണമെന്നുമുള്ള നിയമങ്ങൾ കേന്ദ്രം മുറുകെ പിടിച്ചപ്പോൾ കേരളത്തിൽ അത് അനുവദിച്ചു നൽകാനുള്ള സമിതിയെ കേവലം രണ്ട് ദിവങ്ങൾക്ക് മുൻപാണ് നിയമിച്ചത്. രണ്ട് വർഷത്തോളം സമിതി പ്രവർത്തനരഹിതമായതാണ് ഈ മേഖലയ്ക്ക് തിരിച്ചടിയായത്.
കോടിക്കണക്കിന് രൂപ നിക്ഷേപത്തിൽ നിർമ്മാണ യൂണിറ്റ് തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറിയത്. പുതിയ മരുന്നുകൾ നിർമ്മിക്കുന്നതിനാവശ്യമായ അനുമതി നൽകുന്നതിലുണ്ടായ വീഴ്ചയാണ് കേരളത്തിന് തിരിച്ചടിയാവുന്നത്. ഇതോടെ രണ്ടായിരം കോടി രൂപയുടെ മുഖ്യധാരാ വ്യവസായം കേരളത്തിൽ കൂപ്പ് കുത്തിയിരിക്കുകയാണ്.