jayasankar

തൃശൂർ പൂരത്തോടനുബന്ധിച്ച് ഇലഞ്ഞിത്തറമേളയിൽ നാദവിസ്‌മയം തീർക്കുന്ന പെരുവനം കുട്ടൻമാരാരോട് കൊല്ലം 21 ആയിട്ടും ഇയാൾക്ക് ഇനി മാറിക്കൂടെ എന്ന് ചോദിക്കുന്ന കലാസ്‌നേഹികളുണ്ടെന്ന് അഡ്വ.ജയശങ്കർ. സർക്കാർ നിയന്ത്രണമൊക്കെയുണ്ടായെങ്കിലും മഴയോ, വെടിക്കട്ടപകടമോ, ഐ.എസ് ആക്രമണ ഭീഷണിയോ ഒന്നു വകവയ്‌ക്കാതെ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനത്ത് തടിച്ചു കൂടിയതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം-

തൃശൂർ പൂരം പൊടിപാറി. മഴ പെയ്തില്ല, ആനയിടഞ്ഞില്ല, വെടിക്കെട്ടപകടവും ഉണ്ടായില്ല. ഐഎസ് ആക്രമണ ഭീഷണി വകവെക്കാതെ പതിനായിരങ്ങൾ തേക്കിൻകാട് മൈതാനത്ത് തടിച്ചു കൂടി.

കണിമംഗലം മുതൽ നെയ്തലക്കാവ് വരെ ഘടക പൂരങ്ങൾ മത്സരിച്ചു നന്നാക്കി. തെക്കോട്ടിറക്കവും കുടമാറ്റവും പതിവുപോലെ വർണ്ണ ശബളമായി. സർക്കാർ നിയന്ത്രണം കടുപ്പിച്ചെങ്കിലും വെടിക്കെട്ട് ഉഗ്രമായി.

ഇലഞ്ഞിത്തറയിൽ വീണ്ടും പെരുവനം നാദഗോപുരം തീർത്തു. തുടർച്ചയായി ഇരുപത്തൊന്നാം വർഷം. ഇതോടെ പരിയാരത്ത് കുഞ്ഞൻ മാരാരുടെ റെക്കോഡ് പഴങ്കഥയായി.

ചെണ്ടയ്ക്കു മീതെ വാദ്യമില്ല;
കുട്ടേട്ടനു മീതെ മേളക്കാരില്ല.

കൊല്ലം 21 ആയില്ലേ, ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്‌നേഹികളുമുണ്ട്. ഇതേ തോതുവെച്ച്, ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം, ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കാം.

#കുട്ടേട്ടനൊപ്പം, ഇരുപത്തിരണ്ടാം വർഷവും ഇലഞ്ഞിത്തറയിൽ