കൊല്ലം: പേരൂർ രഞ്ജിത്ത് ജോൺസണെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി തമിഴ്നാട്ടിൽ കൊണ്ടുപോയി കുഴിച്ചു മൂടിയ കേസിലെ ഏഴ് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് (നാല്) ശിക്ഷ വിധിച്ചത്. 25 വർഷത്തിനുശേഷം മാത്രമേ പ്രതികൾക്ക് പരോൾ ഉൾപ്പെടെയുള്ള ശിക്ഷാ ഇളവ് പരിഗണിക്കാവൂ എന്നും വിധിയിലുണ്ട്.
തഴുത്തല കണ്ണനല്ലൂർ വാലിമുക്ക് പുതിയവീട്ടിൽ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂർ നെടുങ്ങോലം പോസ്റ്റാഫീസിനു സമീപം കച്ചേരിവിള വീട്ടിൽ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എൽ.പി.എസിന് സമീപം പാനാത്തുചിറയിൽ വീട്ടിൽ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവിൽവട്ടം വെറ്റിലത്താഴത്ത് റാം നിവാസിൽ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ കോണത്തു വടക്കതിൽ വിഷ്‌ണു (21), കിളികൊല്ലൂർ പവിത്രനഗർ 150, വിനീത മന്ദിരത്തിൽ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരാണ് ഒന്നു മുതൽ ഏഴ് വരെ പ്രതികൾ. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി തിങ്കളാഴ്‌ച എട്ടാം പ്രതി അജിംഷായെ വെറുതേ വിട്ടിരുന്നു.
പാമ്പ് മനോജിന്റെ ഭാര്യ ജെസിയെ രഞ്ജിത്ത് ഒപ്പം താമസിപ്പിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കോടതി നടപടികൾ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് കനത്ത സുരക്ഷയിലാണ് പ്രതികളെ എത്തിച്ചത്. ഈ കേസ് ആദ്യം പരിഗണിച്ച കോടതി വിധിന്യായം വായിച്ച് മിനിട്ടുകൾക്കുള്ളിൽ നടപടികൾ അവസാനിപ്പിച്ചു. രഞ്ജിത്തിന്റെ അച്ഛൻ ജോൺസൻ, പ്രതികളുടെ ബന്ധുക്കൾ എന്നിവരടക്കം വൻ ജനാവലി കോടതി വളപ്പിലുണ്ടായിരുന്നു. 12.30ന് പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
പുറംലോകം കാണാതെ 25 വർഷം
കുറ്റകരമായ ഗൂഢാലോചനയ്‌ക്ക് (120 ബി) 10 വർഷം, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയതിന് (364) 5 വർഷം, തെളിവ് നശിപ്പിച്ചതിന് (201) 5 വർഷം, അന്യായമായി തടഞ്ഞുനിറുത്തിയതിന് (342) ഒരു വർഷം, കൊലപാതകത്തിന് (302) ജീവപര്യന്തം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. 25 വർഷം കഴിയാതെ ഒരു തരത്തിലുള്ള ശിക്ഷാ ഇളവിനും പരിഗണിക്കരുത്. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്‌ക്കണം. പിഴ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം രഞ്ജിത്തിന്റെ അമ്മ ട്രീസ ജോൺസൺ, അച്ഛൻ ജോൺസൺ, ഭാര്യ ജെസി എന്നിവർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം.
അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും അഭിനന്ദനം
കേസന്വേഷിച്ച എസ്.ഐ വി. അനിൽകുമാറിനെയും പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്രയെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ വിധിന്യായത്തിൽ ഇരുവരെയും അഭിനന്ദിക്കുന്ന രണ്ട് ഖണ്ഡിക ഭാഗം ജഡ്‌ജി എസ്. കൃഷ്‌ണകുമാർ തിങ്കളാഴ്‌ച കോടതിയിൽ വായിച്ചിരുന്നു. പ്രതികളെ കുടുക്കിയ അനിലിന്റെ അന്വേഷണമികവ് എടുത്തുപറഞ്ഞു.
കൊല്ലം എ.സി.പി ആയിരുന്ന എ.പ് രദീപ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനെ സഹായിക്കാനായി അനിൽകുമാറിന്റെ സ്ഥലംമാറ്റം ഒഴിവാക്കി ജില്ലയ്‌ക്കകത്ത് തന്നെ നിലനിറുത്തുകയായിരുന്നു.