തൃശൂർ: തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് പരിസമാപ്തിയായി. വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്ത്, അടുത്ത വർഷം പൂരത്തിന് കാണാമെന്ന യാത്രാമൊഴി നൽകുന്ന വികാരഭരിതമായ ചടങ്ങിന് പതിനായിരങ്ങൾ സാക്ഷിയായി. ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ടുമുണ്ടായിരുന്നു. രാവിലെ ഏഴോടെ പതിനഞ്ച് ആനകളും പാണ്ടിമേളവും അകമ്പടിയായി, പാറമേക്കാവ് പൂരം എഴുന്നള്ളിപ്പ് മണികണ്ഠനാലിൽ നിന്ന് തുടങ്ങി.
പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിലായിരുന്നു ഭഗവതിയെ ശ്രീമൂല സ്ഥാനത്തേക്ക് ആനയിച്ചത്. ഈ സമയം തന്നെ നായ്ക്കനാൽ ജംഗ്ഷനിൽ നിന്ന് തിരുവമ്പാടി ഭഗവതിയുടെയും എഴുന്നള്ളിപ്പ് തുടങ്ങി. എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി. ശ്രീമൂല സ്ഥാനത്ത് എത്തിയതോടെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ 15 ആനകൾ മുഖാമുഖം അണിനിരന്ന് കൂട്ടി എഴുന്നള്ളിപ്പ് നടന്നു. കുടമാറ്റത്തിൽ കാണിച്ച കുടകൾ കൂട്ടിയെഴുന്നള്ളിപ്പിനും അവതരിപ്പിച്ചു.
പാറമേക്കാവിന്റെ പൂരമായിരുന്നു ആദ്യം കൊട്ടിക്കലാശിച്ചത്. തുടർന്ന് ഭഗവതിയുടെ തിടമ്പ് വഹിച്ച് മംഗലാംകുന്ന് അയ്യപ്പൻ പടിഞ്ഞാറെ നടയിലൂടെ വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വച്ച് പടിഞ്ഞാറെ ഗോപുരത്തിലൂടെ തന്നെ പുറത്തിറങ്ങി. തിരുവമ്പാടി വിഭാഗത്തിന്റെ പൂരം കൊട്ടിക്കലാശിച്ച ശേഷം തിടമ്പേറ്റിയ കുട്ടൻകുളങ്ങര അർജുനൻ പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ കയറി വടക്കുന്നാഥനെ വലംവച്ച് വണങ്ങി ശ്രീമൂലസ്ഥാനത്തെത്തി. പ്രതീകാത്മകമായി രണ്ടാനകളും തുമ്പിക്കൈ ഉയർത്തി ഉപചാരം ചൊല്ലൽ നടത്തി. അടുത്ത പൂരത്തിന് വീണ്ടും കാണാമെന്ന് വാക്കുകൊടുത്ത് ഭഗവതിമാർ പിരിയുന്നതാണ് ഈ ചടങ്ങിന് പിന്നിലുള്ള സങ്കല്പം. വൈകിട്ട് തിരുവമ്പാടി ഭഗവതി ആറാട്ടിനായി മഠത്തിലെത്തി, പടിഞ്ഞാറെച്ചിറയിലെ ആറാട്ടിന് ശേഷം ക്ഷേത്രത്തിലെത്തിയതോടെ ചടങ്ങുകൾ പൂർത്തിയായി. പാറമേക്കാവ് ഭഗവതിയും കൊക്കർണി പറമ്പിലെ കുളത്തിൽ ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തി.