bank-confication

നെയ്യാറ്റിൻകര: ജപ്തി നോട്ടീസിനെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ബാങ്കിനെതിരെ കുടുംബം. ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറഞ്ഞു. വായ്പ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാൻ ബാങ്ക് സമ്മതിച്ചില്ലെന്നും വീട് ജപ്തി ചെയ്യാൻ ഇന്ന് വരുമെന്ന് ബാങ്ക് അറിയിച്ചിരുന്നെന്നും ചന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ പണം തിരിച്ചടയ്ക്കാൻ കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്ന് അവസാനിച്ചെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അമ്മ ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

നെയ്യാറ്റിൻകര കാനറ ബാങ്കിൽ 15 വർഷങ്ങൾക്ക് മുമ്പാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന ചന്ദ്രൻ ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് ചന്ദ്രൻ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. അതേസമയം, ജപ്തി നടപടികൾക്കായി റവന്യൂ ഉദ്യോഗസ്ഥർ പോയിട്ടില്ലെന്ന് തഹസിൽദാർ അറിയിച്ചു. സംഭവത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.