അഹമ്മദാബാദ് : നാട്ടുകാരെയെല്ലാം വിളിച്ച്, സദ്യവിളമ്പി, ആർഭാടപൂർവം വിവാഹം നടത്തണം- 27കാരൻ അജയിന്റെ ജീവിതാഭിലാഷമായിരുന്നു അത്. വീട്ടുകാർക്കൊപ്പം നാട്ടിലെ കല്യാണങ്ങളിൽ പങ്കെടുക്കുമ്പോഴൊക്കെ അജയ് ചോദിക്കും. 'എന്റെ കല്യാണം എപ്പോഴാ അച്ഛാ'. അച്ഛൻ തേങ്ങലടക്കുകയാണ് പതിവ്.
പക്ഷേ, ഒടുവിൽ ആ ദിനം വന്നെത്തി. സ്വർണനിറമുള്ള ഷെർവാണി, പിങ്ക് നിറമുള്ള തലപ്പാവ്, കഴുത്തിൽ റോസാപ്പൂ മാല, വാദ്യമേളക്കാർ, നാട്ടുകാർ... കുതിരപ്പുറത്തേറിയുള്ള വരന്റെ വരവ് തന്നെ ഗംഭീര ഘോഷയാത്രയായിരുന്നു. ആഘോഷപൂർവമുള്ള ആ ഗുജറാത്തി വിവാഹത്തിന് ആകെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. വരണമാല്യം ചാർത്താൻ വധുവില്ലെന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന അജയിന്റെ ആഗ്രഹം പൂർത്തീകരിക്കാനാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വിവാഹം നടത്തിയത്. തലേ ദിവസത്തെ മെഹന്ദി, സംഗീത് തുടങ്ങിയ സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഈ വിവാഹത്തിനും ഉണ്ടായിരുന്നു.
ചെറുപ്പത്തിലേ അമ്മയെ നഷ്ടമായ അജയിന് ഗുജറാത്ത് സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ പിതാവ് വിഷ്ണുഭായ് ബാരോത് പ്രത്യേക പരിഗണന നൽകിയിരുന്നു. അജയ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞിരുന്നു. മകന് ഒരു വധുവിനെ കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അറിയുന്ന വിഷ്ണുഭായ് അവന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. സംഗീതവും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന അജയ് പ്രദേശത്തെ എല്ലാ വിവാഹങ്ങളിലും പങ്കെടുക്കാറുണ്ട്. അതിനാൽ അവന്റെ വിവാഹമെന്ന ആഗ്രഹം നടത്തിക്കൊടുക്കാൻ എല്ലാവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. എണ്ണൂറ് പേർക്കുള്ള വിരുന്നുൾപ്പെടെ ലക്ഷങ്ങളാണ് വിവാഹത്തിന് ചെലവായത്.