നെയ്യാറ്റിൻകര: ജപ്തി നോട്ടീസിനെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെ മാരായമുട്ടം പൊലീസ് കേസെടുക്കും. ബാങ്ക് മനേജറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധമുമായി രംഗത്തെത്തി.എന്നാൽ പണം തിരിച്ചടയ്ക്കാൻ കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്ന് അവസാനിച്ചെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അമ്മ ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാർഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.നെയ്യാറ്റിൻകര കാനറ ബാങ്കിൽ 15 വർഷങ്ങൾക്ക് മുമ്പാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന ചന്ദ്രൻ ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് ചന്ദ്രൻ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്.
ബാങ്കിനെതിരെ നിരവധി പേർ രംഗത്തെത്തി. ജപ്തി നോട്ടീസിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാങ്കിനെതിരെ കർശന നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖല ബാങ്കുകൾ സർക്കാർ പറയുന്നത് പോലും കേൾക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.