കൊച്ചി: മുത്തൂറ്ര് ഫിനാൻസും ഉപസ്ഥാപനങ്ങളും ചേർന്ന് 2018-19ൽ 14 ശതമാനം വർദ്ധനയോടെ 2,103 കോടി രൂപയുടെ ലാഭം നേടി. 2017-18ൽ ലാഭം 1,844 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പ 20 ശതമാനം ഉയർന്ന് 38,304 കോടി രൂപയായി. ജനുവരി-മാർച്ചിൽ നൽകിയ വായ്പകൾ ഏഴ് ശതമാനം ഉയർന്ന് 2,361 കോടി രൂപയിലെത്തി.
മുത്തൂറ്ര് ഫിനാൻസിന്റെ മാത്രം ലാഭം 2018-19ൽ 1,972 കോടി രൂപയാണ്; വർദ്ധന 11 ശതമാനം. മുത്തൂറ്ര് ഫിനാൻസ് മാത്രം നൽകിയ വായ്പ 18 ശതമാനം ഉയർന്ന് 32,246 കോടി രൂപയായി. ഉപസ്ഥാപനമായ മുത്തൂറ്ര് ഹോംഫിൻ (ഇന്ത്യ) ലിമിറ്റഡ് നൽകിയ വായ്പ 31 ശതമാനം വർദ്ധിച്ച് 1,908 കോടി രൂപയിലെത്തി.
മൈക്രോഫിനാൻസ് കമ്പനിയായ ബെൽസ്റ്റാർ ഇൻവെസ്റ്ര്മെന്റ് ആൻഡ് ഫിനാൻസിന്റെ വായ്പകൾ 1,842 കോടി രൂപയായി ഉയർന്നു. 62 ശതമാനമാണ് വർദ്ധന.
മുത്തൂറ്ര് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് കഴിഞ്ഞവർഷം 268 കോടി രൂപയുടെ പ്രീമീയം നേടി. ശ്രീലങ്കൻ ഉപകമ്പനിയായ ഏഷ്യ അസറ്റ് ഫിനാൻസ് 1,257 കോടി രൂപ വായ്പ നൽകി. നേപ്പാളിലെ എൻ.ബി.എഫ്.സിയായ യുണൈറ്റഡ് ഫിനാൻസിന്റെ 20 ശതമാനം ഓഹരി പങ്കാളിത്തം മുത്തൂറ്ര് ഫിനാൻസ് സ്വന്തമാക്കിയെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്ര് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരിയുടമകൾക്ക് 12 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി നൽകി.
കേരളത്തിലെ പ്രളയ ബാധിതർക്ക് മുത്തൂറ്ര് ഫിനാൻസ് സൗജന്യമായി 200 വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.