കൊച്ചി: പ്രക്ഷോഭകാരികളെ നേരിടാൻ ലാത്തിച്ചാർജിൽ പുതിയ മാറ്റങ്ങൾ വരുത്തി കേരള പൊലീസ്. ബ്രിട്ടീഷ് കാലം മുതൽക്കേ തുടർന്ന് പോന്നിരുന്ന പ്രക്ഷോഭകാരികളുടെ തല തല്ലിപ്പൊട്ടിക്കൽ പോലുള്ള രീതിയിലാണ് മാറ്റം വരുത്തുന്നത്. ലാത്തിച്ചാർജിൽ മാറ്റം വരുത്താൻ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ രീതിയിലുള്ള ലാത്തിച്ചാർജിന്റെ ആദ്യഘട്ട പരിശീലനം കൊച്ചിയിൽ ആരംഭിച്ചു.
ലാത്തിചാർജിലെ കിരാതമായ പ്രവർത്തികൾക്കെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പ്രതിഷേധക്കാരുടെ രീതിയനുസരിച്ചാണ് ഇനിമുതൽ പൊലീസ് പ്രതിരോധിക്കുക. പൊലീസിന് നിയന്ത്രിക്കാനാവാത്ത സാഹചര്യങ്ങളിൽ പ്രക്ഷോഭകാരികളുടെ കൈയ്യിലും കാലിലുമ മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു. വലിയ ആൾക്കൂട്ടത്തെ നേരിടുമ്പോഴും പൊലീസുകാർ കുറച്ച് മാത്രം ഉണ്ടാകുമ്പോഴും ഈ രീതി പൊലീസിനെ സഹായിക്കുന്നു.
ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജി കെ.സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസുകാർക്ക് പുതിയ പരിശീലനം നൽകുന്നത്. മനുഷ്യാവകാശ ലംലനം ഉണ്ടാകാതെ പരിഷ്കൃത സമൂഹത്തിന് ചേർന്ന രീതിയിലുള്ള പൊലീസ് നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൊലീസ് സേനയിലെ അൻപതിനായിരം പൊലീസുകാർക്കും വരും ദിവസങ്ങളിൽ പുതിയ രീതിയിൽ പരിശീലനം നല്‍കും. നൂറ് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പൊലീസുകാർക്കും പരിശിലനം നൽകാനാണ് ഡി.ജി.പിയുടെ ഉത്തരവ്