നെയ്യാറ്റിൻകര: ബാങ്ക് ജപ്തി നോട്ടീസിന്റെ പേരിൽ മകളോടൊപ്പം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാരായമുട്ടം മലയിൽക്കട സ്വദേശി ലേഖയും (44) മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ലേഖയെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയാണ് മകളും അമ്മയും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. മകൾ വൈഷ്ണവി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ആത്മഹത്യക്ക് കാരണം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
നെയ്യാറ്റിൻകര കാനറ ബാങ്കിൽ 15 വർഷങ്ങൾക്ക് മുമ്പാണ് ലേഖയുടെ ഭർത്താവ് ചന്ദ്രൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന ചന്ദ്രൻ ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് ചന്ദ്രൻ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
അതേസമയം, ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ലേഖയുടെ ഭർത്താവ് ചന്ദ്രൻ പറഞ്ഞു. വായ്പ കുടിശിക വീട് വിറ്റ് തിരിച്ചടയ്ക്കാൻ ബാങ്ക് സമ്മതിച്ചില്ലെന്നും വീട് ജപ്തി ചെയ്യാൻ ഇന്ന് വരുമെന്ന് ബാങ്ക് അറിയിച്ചിരുന്നെന്നും ചന്ദ്രൻ കൂട്ടിച്ചേർത്തു. എന്നാൽ പണം തിരിച്ചടയ്ക്കാൻ കുടുംബം കൂടുതൽ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്ന് അവസാനിച്ചെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.