തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേർന്ന കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ യോഗത്തിൽ സ്വന്തം വിജയത്തിൽ പൂർണവിശ്വാസം പ്രകടിപ്പിക്കാതെ തൃശൂരിലെ സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ ടി.എൻ. പ്രതാപൻ. സുരേഷ്ഗോപി ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നതോടെ തൃശൂരിൽ മത്സരം പ്രവചനാതീതമാക്കിയെന്നാണ് പ്രതാപൻ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്റെ ജയം ഉറപ്പു പറയുന്നില്ലെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
പാലക്കാട് ഉൾപ്പെടെ ജയിക്കുമെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ അഭിപ്രായപ്രകടനങ്ങളുണ്ടായപ്പോഴാണ് ഏവരെയും അദ്ഭുതപ്പെടുത്തി പ്രതാപന്റെ പ്രതികരണമുണ്ടായത്. പ്രതാപൻ എപ്പോഴും വിനയം കൊണ്ട് ഇങ്ങനെ പറയുന്നതാണെന്നായി അപ്പോൾ തമാശരൂപേണ നേതാക്കൾ. പ്രതാപൻ അതിവിനയനാവുകയാണെന്ന് എം.എം. ഹസ്സൻ പറഞ്ഞു. പ്രതാപൻ ജയിച്ചതായി പ്രഖ്യാപിച്ചാൽ അംഗീകരിക്കുമോയെന്ന്, ചിരിച്ചുകൊണ്ട് ബെന്നി ബെഹനാൻ ചോദിച്ചു. പ്രതാപന്റെ വിജയം ഉറപ്പാണെന്ന് ഉമ്മൻ ചാണ്ടിയും സമാധാനിപ്പിച്ചു.
സുരേഷ്ഗോപി രംഗത്തു വരികയും ആദ്യംതന്നെ ശബരിമല വിഷയം സജീവ ചർച്ചയാവുകയും ചെയ്‌തതോടെ ഹിന്ദു മുന്നാക്കവോട്ടുകളിൽ മാറ്റംമറിച്ചിലുകളുണ്ടായത് ആരെ തുണയ്‌ക്കുമെന്ന് പറയാനാവില്ലെന്നായിരുന്നു നേതൃയോഗത്തിൽ പ്രതാപന്റെ അഭിപ്രായം. എൻ.എസ്.എസ് പിന്തുണ അറിയിച്ചെങ്കിലും പ്രവർത്തകരിൽ അടിയൊഴുക്കുണ്ടായിട്ടുണ്ട്.
രാഹുൽഗാന്ധി കേരളത്തിൽ വന്നതിന്റെ ഇര താനാണെന്നു പറയാമെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഹുൽ വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ നിന്ന് വയനാട്ടിലേക്കു പോയത്. അല്ലായിരുന്നെങ്കിൽ നല്ല മുൻതൂക്കമായിരുന്നു. ഒന്നരലക്ഷം വോട്ടിന് ജയിച്ചേനെ. തിരഞ്ഞെടുപ്പാകുമ്പോൾ ഗുണം മാത്രമല്ല, ദോഷങ്ങളും നമ്മൾ പ്രതീക്ഷിക്കണം. അടിയൊഴുക്കുകളുണ്ടായി. അത് ആർക്ക് വിനയാകുമെന്നറിയില്ല. എല്ലാ ന്യൂനപക്ഷ പിന്തുണയും ഉറപ്പായിരുന്നുവെന്ന് പറഞ്ഞ പ്രതാപൻ, ഈസ്റ്റർ ദിനത്തിൽ സ്ഥാനാർത്ഥികളിൽ തന്നെയും കുടുംബത്തെയും മാത്രം ക്രിസ്‌തീയകുടുംബങ്ങൾ വീടുകളിലേക്കു ക്ഷണിച്ച കാര്യം എടുത്തുപറഞ്ഞു.
പാലക്കാട്ട് മാദ്ധ്യമങ്ങളെല്ലാം താൻ തോൽക്കുമെന്ന് ഒരേ സ്വരത്തിൽ പ്രവചിക്കുകയാണെങ്കിലും അവിടെ ജയിക്കുമെന്നാണ് തിരഞ്ഞെടുപ്പിനു ശേഷം ബോദ്ധ്യമാകുന്നത് എന്നായിരുന്നു പാലക്കാട്ടെ സ്ഥാനാർത്ഥിയായ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ അഭിപ്രായം. ആലത്തൂരും ജയമുറപ്പെന്ന് ശ്രീകണ്ഠൻ വിലയിരുത്തി.