കായംകുളം: വിവാദമായേക്കാവുന്ന മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുമായി യു. പ്രതിഭ എം.എൽ.എ വീണ്ടും. പത്തനംതിട്ടയിൽ കാത്ത് ലാബ് പൂർത്തീകരിച്ചതിന് വീണാ ജോർജ് എം.എൽ.എയെ അഭിനന്ദിച്ചുകൊണ്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയിട്ട ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയെന്നോണം പ്രതിഭ നടത്തിയ കമന്റ് ചില്ലറ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇത് ഏറ്റുപിടിച്ചവരെ 'വ്യാജ സഖാക്കൾ' എന്ന് ആക്ഷേപിച്ചാണ് പ്രതിഭയുടെ പുതിയ പോസ്റ്റ്.
# പ്രതിഭയുടെ ഫേസ്ബുക്കിൽ നിന്ന്
'കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷകരമായ ഒരു കമന്റ് ഇട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനാകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ സംഘടിത ആക്രമണമൊക്കെ മനസിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്പോർട്സ് മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ചു പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ, എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട് (പേടിച്ച് പനിയായി കിടപ്പിലാരുന്നു). വ്യക്തിപരമായി ചിലർക്ക് ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റുകളിലൂടെ മനസിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതൽ പറയുന്നില്ല. ഇവിടെ നിറുത്തുന്നു'