റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണക്കമ്പനിയായ 'സൗദി ആറാംകോ'യുടെ രണ്ട് പമ്പിംഗ് സ്റ്റേഷനുകൾക്കുനേരെ യെമനിലെ ഹൂതിവിമതർ ഡ്രോൺ ആക്രമണം നടത്തിയതായി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് വെളിപ്പെടുത്തി.
ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം ആക്രമണം നടന്നത്. എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രവിശ്യയിൽ നിന്ന് ചെങ്കടലിലെ യാൻബു തുറമുഖത്തേക്കുള്ള പൈപ്‍ലൈനിലേക്ക് എണ്ണ പമ്പ് ചെയ്യുന്ന സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. തീ പിടിത്തത്തിൽ നാശമുണ്ടായ ഒരു സ്റ്റേഷനിലെ പമ്പിംഗ് നിറുത്തിവച്ചു.
തങ്ങളുടെ ഏഴ് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു.
ഭീകരാക്രമണമാണെന്ന് മന്ത്രി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'അറേബ്യൻ ഗൾഫിലുണ്ടായ അട്ടിമറി നീക്കമാണിത്. രാജ്യത്തെ മാത്രമല്ല, ആഗോള സമ്പദ്‍വ്യവസ്ഥയിൽ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി സേനയും ഇതിൽപെടും'– മന്ത്രി പറഞ്ഞു.
ക്രൂഡ് ഓയിലും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ യാതൊരു തടസവും ഇല്ലെന്നും മന്ത്രി അറിയിച്ചു. എന്നാൽ എണ്ണ ഉത്പാദനത്തിലെ വമ്പൻമാരായ ആറാംകോ പമ്പിംഗ് നിർത്തിവച്ചു. തകരാറുകൾ പരിഹരിച്ചു വരികയാണെന്നു കമ്പനി അറിയിച്ചു. 1,200 കിലോമീറ്ററാണ് പൈപ്പ് ലൈനിന്റെ നീളം. ഒരു ദിവസം 50ലക്ഷം ബാരൽ വരെയാണ് പൈപ്പ് ലൈനിന്റെ ശേഷി.