srilanka

കൊളംബോ:മുസ്ലീം വിരുദ്ധ കലാപം രൂക്ഷമായ ശ്രീലങ്കയിൽ ഒരാൾ കൊല്ലപ്പെട്ടു. കുത്തേറ്റ്ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഹമ്മദ് അമീർ മുഹമ്മദ് സാലിയാണ് (42) മരിച്ചത്. മരപ്പണിക്കാരാനായ ഇയാളെ കൂട്ടമായെത്തിയ സംഘം കൂർത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണമാണിത്.

മുസ്ളിം പള്ളികൾക്ക് നേരെ വ്യാപക അക്രമമാണ് നടക്കുന്നത്. മുസ്ളിങ്ങളുടെ വാഹനങ്ങളും കടകളും തകർക്കപ്പെട്ടു. പടിഞ്ഞാറൻ മേഖലയായ ചിലാവിലെ കുലിയപിട്ടിയ, ഹെട്ടിപ്പോല, ബിൻഗിരിയ, ദമ്മലസുരിയ എന്നിവിടങ്ങളിൽ കലാപം രൂക്ഷമായി.

കനത്ത സുരക്ഷയാണ് ശ്രീലങ്കയിൽ പൊലീസും സൈന്യവും ചേർന്ന് ഒരുക്കിയിരിക്കുന്നത്. രാജ്യ വ്യാപകമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ ഒഴിവാക്കാൻ പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിക്കുന്നുണ്ട്.

ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയിൽ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്. മുസ്ലീം പള്ളികൾക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

മുസ്‍ലിംവിരുദ്ധ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കുലിയപിട്ടിയയിൽ ഞായറാഴ്ച ആൾക്കൂട്ടം മുസ്‍ലിംപള്ളിയും മുസ്‍ലിങ്ങളുടെ കടകളും ആക്രമിച്ചിരുന്നു. മുസ്‍ലിം വിഭാഗത്തിൽപ്പെട്ട ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഭീകരാക്രമണത്തോടെ അടച്ചിട്ട സ്കൂളുകൾ തിങ്കളാഴ്ച വീണ്ടും തുറന്നെങ്കിലും ഹാജർ വളരെ കുറഞ്ഞു. കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു.