ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ 116-ാം സ്ഥാപക ദിനമായ ഇന്ന് ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഗുരുദേവ ദർശനമെന്ന വജ്രായുധം വച്ച് നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവനയിൽ പറഞ്ഞു.
'ഗുരുദേവൻ പാകപ്പെടുത്തിയ കേരളത്തിന്റെ മതേതര കാഴ്ചപ്പാടിൽ ഇന്ന് ഒട്ടനവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ അധികാരങ്ങൾക്കുവേണ്ടി വിഭജിക്കുന്നു. ഇതിന്റെ പേരിൽ പ്രീണനങ്ങളും പീഡനങ്ങളും നടക്കുന്നു. ഒടുവിൽ ഇതാ മനുഷ്യബോംബുകൾ നമ്മുടെ ഇടയിലേക്ക് ഇടിച്ച് കയറാൻ തയ്യാറായിരിക്കുന്നു എന്ന പുതിയ അറിവ് നമ്മെയെല്ലാം അസ്വസ്ഥരാക്കുന്നു. മാനവരാശിക്കു ധർമ്മത്തിന്റെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും അഹിംസയുടെയും നല്ലപാഠങ്ങൾ പകർന്ന് കൊടുക്കുക എന്നതാണ് ഭീകരത അവസാനിപ്പിക്കാനുള്ള ശാശ്വത പരിഹാരം.
കേരളത്തിന്റെ സമസ്ത മേഖലകളിലും ശക്തമായ സ്വാധീനം ചെലുത്താൻ യോഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്റെ തൃക്കരങ്ങളാൽ രൂപീകരിച്ച എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനം ഇന്നും ഒരു പോറലുമേൽക്കാതെ സംഘടനകളുടെ സംഘടനയായി നിലനിൽക്കുന്നു. വിദ്യാഭ്യാസ, ആദ്ധ്യാത്മിക മേഖലകൾ അടക്കം വിവിധ രംഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങളുടെ ഇടയിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കാൻ യോഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുരുവിന്റെ തത്വദർശനങ്ങൾ മാനവരാശിയുടെ നന്മയ്ക്ക് വേണ്ടി ജനഹൃദയങ്ങളിൽ എത്തിക്കുക എന്നതാണ് യോഗത്തിന്റെ പ്രാഥമിക കർത്തവ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.