kolakata

കൊൽക്കത്ത: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെ കൊൽക്കത്തയിൽ വ്യാപക സംഘർഷം. റാലിയിലെ വാഹനത്തിന് നേരെ കൊൽക്കത്ത സർവകലാശാല കാമ്പസിൽ നിന്ന് കല്ലേറുണ്ടായതാണ് സംഘർഷത്തിന് കാരണമായതെന്ന് റിപ്പോർട്ട്. പിന്നാലെ ബി.ജെ.പി. പ്രവർത്തകരും അക്രമാസക്തരായി. വാഹനങ്ങൾ കത്തിക്കുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. കൊൽക്കത്ത നഗരത്തിൽ നിന്ന് നോർത്ത് കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത ബി.ജെ.പി റാലി സർവകലാശാല കാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. കാമ്പസിൽ നിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയർന്നതിനു മറുപടിയായി ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് കാമ്പസിൽ നിന്ന് കല്ലേറുണ്ടായത്. തുടർന്ന് ബി.ജെ.പി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു. പിന്നീട് തൃണമൂൽ പ്രവർത്തകരെ കാമ്പസിനകത്താക്കി സർവകലാശാലയുടെ ഗേറ്റുകളെല്ലാം പൊലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് കാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കിയത്. വിദ്യാസാഗർ കോളേജിലെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തിൽ തകർന്നു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.