കോട്ടയം : കെവിൻവധക്കേസിൽ ഏറെ നിർണായകമായേക്കാവുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രദർശിപ്പിച്ചു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാറുകളുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. പുനലൂർ ചാലിയേക്കരയിലേതും, കോടിമതയിലെ ട്രാഫിക് കാമറയിലെയും, മാന്നാനം കെ.ഇ സ്‌കൂളിനു മുന്നിലെയും ദൃശ്യങ്ങളാണിത്. സംഭവ ദിവസം രാത്രിയിൽ 12.29 ന് പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങൾ എം.സി റോഡിലൂടെ കടന്നു പോകുന്നതും, 2.44 ന് തിരികെ ഇതുവഴി വരുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനങ്ങളിൽ ഒന്നിന്റെ നമ്പർ പ്ലേറ്റ് ചെളി ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നു. പ്രതികൾ നമ്പർ പ്ലേറ്റ് മറയ്‌ക്കുന്നത് കണ്ടതായി ഫ്ളോറൽ പാർക്ക് ഹോട്ടലിലെ റിസപ്ഷനിസ്റ്റായ യുവതി കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.