കോഴിക്കോട്: കോൺഗ്രസുമായി ചങ്ങാത്തത്തിന് പോയ സി.പി.എം ദേശീയതലത്തിൽ വട്ടപ്പൂജ്യമാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ഇണയെ കൊന്നുതിന്നുന്ന ചിലന്തിയെപ്പോലെയാണ് കോൺഗ്രസ്. അന്ധമായ ബി.ജെ.പി വിരോധം കൊണ്ട് സി.പി.എം ഇല്ലാതാവുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ സി.പി.ഐ ഒന്നുമല്ലാതായ പോലെ സി.പി.എം ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ എൻ ഡി എയ്ക്കൊപ്പമാണെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസ്സിലാകും. യുക്തിഭദ്രമായി കാര്യങ്ങൾ വിലയിരുത്താൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയുന്നില്ല. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ഇരുമുന്നണികൾക്കും ഈ തിരഞ്ഞെടുപ്പിൽ ലഭിക്കില്ല. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും വോട്ടുകൾ ഇരട്ടിയായി വർദ്ധിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിന്റെ പാളയത്തിൽ തന്നെയായിരുന്നു പടയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരിച്ചറിയണം. ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്ന് പറയുന്ന മുല്ലപ്പള്ളി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ പറഞ്ഞതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.