കൊൽക്കത്ത: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ കൊൽക്കത്തയിൽ സംഘർഷം. അമിത് ഷാ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കൽക്കട്ട സർവകലാശാല ക്യാമ്പസിൽനിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം നടന്നത്. തുടർന്ന് തെരുവിലേക്ക് ഇറങ്ങിയ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ കത്തിക്കുകയും വിദ്യാർത്ഥികൾക്ക് നേരെ ആക്രമം അഴിച്ചുവിടുകയും ചെയ്തു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി വിദ്യാർത്ഥികളെയും ബി.ജെ.പി പ്രവത്തകരെയും തുരത്തുകയായിരുന്നു.. ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് നിന്ന് പിരിഞ്ഞ് പോയെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്.ബംഗാളിൽ നടന്നത് മമതയുടെ ഗുണ്ടാ ആക്രമണമാണെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചു. മമത ഗുണ്ടകളെ അഴിച്ചുവിട്ട് ആക്രമണം നടത്തുന്നു. മമതയെ നയിക്കുന്നത് ഭയം മാത്രമാണെന്നും ചൗഹാൻ പറഞ്ഞു.