മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷ അദ്ധ്യാപകൻ എഴുതിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വിദ്യാഭ്യാസ വകുപ്പും പൊലീസും. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഹയർ സെക്കൻഡറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും തെളിവെടുപ്പു നടത്തി.
പരീക്ഷാഫലം തടഞ്ഞുവച്ച രണ്ടു വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് ഇവർ നിർദ്ദേശിച്ചു. സേ പരീക്ഷയോടൊപ്പം പരീക്ഷയെഴുതാൻ ഇവർക്ക് പ്രത്യേക സൗകര്യമൊരുക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഹയർ സെക്കൻഡറി വകുപ്പ് ജോയന്റ് ഡയറക്ടർ ഡോ.എസ്.എസ്. വിവേകാന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ, അക്കൗണ്ട്സ് ഓഫീസർ സീന, സൂപ്രണ്ട് അപർണ എന്നിവരടങ്ങുന്ന സംഘം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴിയെടുത്ത ശേഷമാണ് ഈ നിർദ്ദേശം നൽകിയത്. എന്നാൽ വീണ്ടും പരീക്ഷ എഴുതാനാവില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും.
സംഭവദിവസം പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ സ്കൂളുകളിൽ നിന്നെത്തിയ 14 അദ്ധ്യാപകരിൽ നിന്ന് ഇവർ വിവരശേഖരണം നടത്തി.റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും തുടർ നടപടി സർക്കാർ സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു. വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസ് അന്വേഷണവും ആരംഭിച്ചു.
മുക്കം സർക്കിൾ ഇൻസ്പക്ടർ കെ.വി.ബാബു സ്കുളിലെത്തി ഹയർ സെക്കൻഡറി വിഭാഗം ജീവനക്കാർ, പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. ആരോപണ വിധേയരായി സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകർ മൂന്നു പേരും ഒളിവിലാണ്. പരീക്ഷയുടെ ചീഫ് സൂപ്രണ്ടായ സ്കൂൾ പ്രിൻസിപ്പൽ കെ. റസിയ, അഡിഷണൽ ഡെപ്യൂട്ടി ചീഫും ഇതേ സ്കൂൾ അദ്ധ്യാപകനുമായ നിഷാദ്, ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെയാണ് സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തത്.ഇവർക്കെതിരെ ഐ പി സി 419, 420, 465, 468 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.