congress-mla

റായ്ബറേലി: സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ കോൺഗ്രസ് എം.എൽ.എ അതിഥി സിംഗിനുനേരെ അജ്ഞാത സംഘം വെടിവയ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി പഞ്ചായത്ത് ഓഫീസിലേക്ക് പോകവേ ബച്റവാൻ ടോൾപ്ലാസയ്ക്ക് സമീപത്താണ് ആക്രമണം നടന്നത്.

സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി ദിനേഷ് സിംഗിന്റെ സഹോദരൻ അവദേഷ് സിംഗിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പാണ് ഇന്ന് നടന്നത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പോയ ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും സംഘം ആക്രമിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ എം.എൽ.എയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.