ന്യൂഡൽഹി : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവമോർച്ച നേതാവ് പ്രിയങ്കാ ശർമയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രിയങ്ക മാപ്പ് എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
മമതാ ബാനർജിയുടെ മുഖത്തിന്റെ ചിത്രം മെറ്റ്ഗാല റെഡ് കാർപ്പെറ്റിൽ പങ്കെടുത്ത ബോളിവുഡ്താരം പ്രിയങ്കാ ചോപ്രയുടെ ചിത്രത്തിൽ ഫോട്ടോഷോപ്പ് ചെയ്ത് പ്രിയങ്ക ശർമ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യുകയായിരുന്നു.
പ്രിയങ്ക അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ ചിത്രം നീക്കം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇവർ മാത്രമല്ല ചിത്രം ഷെയർ ചെയ്തതെന്നും 14 ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചത് പ്രിയങ്കയുടെ മൗലികാവകാശ ലംഘനമാണെന്നും പ്രിയങ്കയുടെ അഭിഭാഷകൻ വാദം ഉന്നയിച്ചു. എന്നാൽ പ്രിയങ്കയ്ക്ക് മാത്രമല്ല മൗലികാവകാശമുള്ളതെന്നും എതിർഭാഗത്തുള്ള ആൾക്കും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.